സെവിയ്യ: യു.ഇ.എഫ്.എ നേഷൻസ് ലീഗിൽ സ്‌പെയിനെതിരെ ഇംഗ്ലണ്ടിന് തകർപ്പൻ ജയം. സ്പെയിനിലെ സെവിയ്യയിൽ നടന്ന മത്സരത്തിൽ റഹിം സ്റ്രെർലിംഗ് നേടിയ ഇരട്ട ഗോളുകളുടെ മികവിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇംഗ്ലണ്ട് ആതിഥേയരെ വീഴ്ത്തിയത്.മാർകസ് റാഷ്ഫോർഡും ഇംഗ്ലണ്ടിനായി സ്പാനിഷ് വലകുലുക്കി.പാക്കോ അൽകാസറും സെർജിയോ റാമോസുമാണ് സ്പെയിനിനായി ലക്ഷ്യം കണ്ടത്. ഇംഗ്ലണ്ടിന്റെ മൂന്ന് ഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്. സ്പെയിൻ രണ്ട് ഗോൾ മടക്കിയത് രണ്ടാം പകുതിയിൽ ആയിരുന്നു. 2003 ജൂണിന് ശേഷം ആദ്യമായാണ് സ്പെയിൻ നാട്ടിൽ ഒരു കോംപറ്രേറ്രീവ് മത്സരത്തിൽ തോൽക്കുന്നത്. നാട്ടിൽ ഒരു കോംപറ്രേറ്റീവ് മത്സരത്തിൽ മൂന്ന് ഗോൾ വഴങ്ങുന്നത്. 1978ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് സ്പെയിനിലൊരു എവേ മത്സരത്തിൽ ജയിക്കുന്നത്.
ഏറെക്കാലമായി ഇംഗ്ലീഷ് ജേഴ്സിയിൽ ഗോൾ കണ്ടെത്താനാകാതിരുന്ന സ്റ്റെർലിംഗിന്റെ തകർപ്പൻ തിരിച്ചിവരവ് കൂടിയായി ഈ മത്സരം. ബാൾ പൊസഷനിലും ഷോട്ടിലും ഉൾപ്പെടെമത്സരത്തി ആധിപത്യം സ്പെയിനിനായിരുന്നെങ്കിലും ഗോൾ കണ്ടെത്തുന്നതിലുള്ള പിഴവാണ് അവർക്ക് വിനയായത്. മറുവശത്ത് ഇംഗ്ലണ്ട് കിട്ടിയ അവസരങ്ങൾ കൃത്യമായി മുതലാക്കി ജയം സ്വന്തമാക്കുകയായിരുന്നു. ടാർജറ്റിലേക്കെടുത്ത മൂന്ന് ഷോട്ടും ഗോളാക്കാൻ ഇംഗ്ലണ്ടിനായി. രണ്ടാം പകുതിയിൽ ഒരു ഷോട്ട് പോലും ഇംഗ്ലണ്ട് ടാർജറ്രിലേക്ക് എടുത്തില്ല. മറുവശത്ത് സ്പെയിൻ ആറെണ്ണമാണ് ടാർജറ്രിലേക്ക് ലക്ഷ്യം വച്ചത്.
4-3-3 ശൈലിയിൽ ഹാരി കേനെ സെന്റർ സ്ട്രൈക്കറാക്കി റാഷ്ഫോർഡിനെയും സ്‌റ്റെർലിംഗിനെയും വിംഗുകളിൽ വിന്യസിച്ചാണ് ഗാരത് ബെയ്ൽ ഇംഗ്ലണ്ട് ടീമിനെ കളത്തിലിറക്കിയത്. മറുവശത്ത് ലൂയിസ് എൻറിക്കെയും ഇതേ ശൈലി തന്നെയാണ് സ്വീകരിച്ചത്. റോഡ്രിഗോയെ സെന്റർ സ്ട്രൈക്കറാക്കി ആസ്പാസും അസൻസിയോയുമായിരുന്നു വിംഗുകളിൽ. 16-ാം മിനിറ്റിൽ റാഷ്ഫോർഡിന്റെ ത്രൂപാസിൽ നിന്നാണ് സ്റ്റെർലിംഗ് സ്പാനിഷ് വലകുലുക്കിയത്. 29-ാം മിനിറ്രിൽ കേന്റെ പാസിൽ നിന്ന് റാഷ്ഫോർഡ് ഇംഗ്ലണ്ടിന്റെ ലീഡ് രണ്ടായി ഉയർത്തി. 38-ാം മിനിറ്റിൽ കേൻ നൽകിയ പന്തിൽ നിന്ന് സ്റ്റെർലിംഗ് ഇംഗ്ലണ്ടിന്റെ മൂന്നാം ഗോളും നേടി. 58-ാം മിനിറ്റിലാണ് അൽകാസർ സ്പെയിനിന്റെ ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ അധിക സമയത്ത് 97-ാം മിനിറ്റിലാണ് റാമോസ് സ്പെയിനിന്റെ രണ്ടാം ഗോൾ നേടിയത്.