മുംബയ്: ഇരുപതുവയസുകാരിയായ മോഡലിനെ കൊന്ന് സ്യൂട്ട്കേസിലാക്കിയ കേസിൽ പത്തൊൻപതുകാരനായ കോളേജ് വിദ്യാർത്ഥി അറസ്റ്റിൽ. തിങ്കളാഴ്ചയാണ് രാജസ്ഥാൻ സ്വദേശിയും മോഡലുമായ മാനസി ദീക്ഷിതിനെ കൊന്ന് സ്യൂട്ട്കേസിലാക്കിമുംബയ് മലാഡിലുള്ള ആളൊഴിഞ്ഞ പ്രദേശത്ത് തള്ളിയത്. സംഭവവുമായി ബന്ധപ്പെട്ട് അന്ധേരി നിവാസിയായ കോളേജ് വിദ്യാർത്ഥി മുസാമിൽ സെയ്ദിനെയാണ് അറസ്റ്റ് ചെയ്തത്. പൊലീസ് പറയുന്നത്: ഇന്റർനെറ്റിലൂടെ പരിചയപ്പെട്ട മുസമിൽ സെയ്ദിനെ കാണാൻ തിങ്കളാഴ്ച അന്ധേരിയിലെ ഫ്ളാറ്റിലെത്തിയതായിരുന്നു മാനസി. സംസാരത്തിനിടെ ഇരുവരും തമ്മിൽ കലഹമുണ്ടായി. തുടർന്ന് സെയ്ദ് മാനസിയുടെ തലയിൽ കസേര കൊണ്ടടിച്ചു. അതിനു ശേഷം കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മൃതശരീരം സ്യൂട്ട്‌കേസിനുള്ളിലാക്കി ഓൺലൈൻ ടാക്‌സി വിളിച്ച് അന്ധേരിയിൽ നിന്ന് മലാഡിലെത്തിച്ചു. തുടർന്ന് ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ച ശേഷം ആട്ടോറിക്ഷയിൽ കയറി പോയി.
പ്രതിയെ കുരുക്കിയത് ഡ്രൈവർ
ഓൺലൈൻ ടാക്സി ഡ്രൈവറാണ് പ്രതിയെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്. വിമാനത്താവളത്തിലേക്കെന്ന് പറഞ്ഞാണ് സെയ്ദ് ടാക്സി ബുക്ക് ചെയ്തത്. എന്നാൽ മലാഡിൽ സ്യൂട്ട്കേസുമായി ഇറങ്ങിയതോടെ ഡ്രൈവറിന് സംശയം തോന്നി. ഇയാൾ രഹസ്യമായി സെയ്ദിനെ നിരീക്ഷിച്ചപ്പോഴാണ് സ്യൂട്ട്കേസ് ഉപേക്ഷിക്കുന്നത് കണ്ടത്. ഉടൻ ഇയാൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മാനസിയുടെ മൃതശരീരം കണ്ടെത്തി. സി.സി ടിവി ദൃശ്യങ്ങളുടെ സഹായത്താലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. സെയ്ദ് കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഏറെനാളായി മുംബയിൽ താമസമാക്കിയ മാനസി, ചില പരസ്യചിത്രങ്ങളിൽ മോഡലായിട്ടുണ്ട്.