ന്യൂഡൽഹി:ഗോവയിലും ചത്തീസ്ഗഡിലും കോൺഗ്രസ് നേതാക്കളെ സ്വന്തം പാളയത്തിലെത്തിച്ച ബി.ജെ.പിക്ക് രാജസ്ഥാനിൽ മറുപടിയുമായി കോൺഗ്രസ്. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെയാണ് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ജസ്വന്ത് സിൻഹയുടെ മകൻ മൻവേന്ദ്ര സിംഗ് കോൺഗ്രസിലെത്തിയത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബി.ജെ.പി വിട്ട മൻവേന്ദ്ര ബുധനാഴ്‌ച ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയിൽ നിന്നും പാർട്ടി അംഗത്വം കൈപ്പറ്റുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പിതാവ് ജസ്വന്ത് സിൻഹയ്‌ക്ക് പാർട്ടി ടിക്കറ്റ് നൽകാതിരുന്നതിനെ തുടർന്നാണ് മാനവേന്ദ്രയും ബി.ജെ.പിയും തമ്മിലുള്ള അകൽച്ച ആരംഭിച്ചത്. ബന്ധുവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജയുമായുള്ള തർക്കമാണ് സീറ്റ് നിഷേധിക്കാൻ കാരണമായതെന്നാണ് ആരോപണം. ഇത്രയും കാലം ക്ഷമിച്ചിരുന്നുവെന്നും ഇനി തുറന്ന് പറച്ചിലുകളുടെ കാലമാണെന്നും മൻവേന്ദ്ര ഇക്കാര്യത്തെപ്പറ്റി പറഞ്ഞു. 2014ലെ സീറ്റ് നിഷേധത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പിതാവിനെ നേരിട്ട് വിളിച്ച് സംസാരിച്ചിരുന്നു. രാജസ്ഥാനിലെ ഒരു നേതാവും ഡൽഹിയിലെ രണ്ട് നേതാക്കളുമാണ് ഇതിന് പിന്നിൽ കളിച്ചതെന്നും മോദി തുറന്ന് പറഞ്ഞിരുന്നു. പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാമെന്ന് അന്ന് അദ്ദേഹം ഉറപ്പ് നൽകിയതാണ്. എന്നാൽ പിന്നീട് തങ്ങളുടെ കാര്യങ്ങൾ കേൾക്കാൻ ആരും തയ്യാറായില്ലെന്നും മാനവേന്ദ്ര ആരോപിച്ചിരുന്നു. ബി.ജെ.പിയിൽ ചേർന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റാണെന്നും നേതാക്കളുടെ അടിച്ചമർത്തലിൽ വീർപ്പ് മുട്ടിക്കഴിയുന്ന നിരവധി പേർ ഇപ്പോഴും ബി.ജെ.പിയിൽ ഉണ്ടെന്നും അദ്ദേഹം നേരത്തെ ആരോപിച്ചിരുന്നു.