തിരുവനന്തപുരം: മലയാള സിനിമയിലെ വനിതാ സംഘടനയായ വിമൺ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യു.സി.സി) ഉയർത്തി വിട്ട വിവാദങ്ങളിൽ പ്രതികരണവുമായി നിർമാതാവും സിനി എക്‌സിബിറ്റേഴ്സ് അസോസിയേഷൻ അദ്ധ്യക്ഷനുമായ ലിബർട്ടി ബഷീർ. നിരവധി പേർക്ക് കെെനീട്ടം കൊടുക്കുന്ന സംഘടനയായ അമ്മ പൊളിഞ്ഞു പോകാൻ ആരും ആഗ്രഹിക്കുന്നില്ലെന്നും നിലനിൽക്കേണ്ട സംഘടനയാണ് അമ്മയെന്നും ലിബർട്ടി ബഷീർ പറഞ്ഞു. ഒരു ഓൺലെെൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ദിലീപിന് വേണ്ടി വാദിക്കുമ്പോൾ മോഹൻലാൽ നിസാരനായി പോകുകയാണെന്നും ഈ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ അമ്മയുടെ പ്രസിഡന്റ് സ്ഥാനം അധികം വെെകാതെ അദ്ദേഹം രാജി വയ്ക്കുമെന്നും ലിബർട്ടി ബഷീർ വ്യക്തമാക്കി. ''ഒരു ഉത്തരവാദിത്വം ഏറ്റെടുത്താൽ അത് നല്ല രീതിയിൽ മുന്നോട്ട് പോവണം എന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് മോഹൻലാൽ. മോഹൻലാലിനെ എനിക്ക് വ്യക്തിപരമായിട്ട് അറിയാം. അദ്ദേഹം ഇങ്ങനെ ഒരു വൃത്തികേടിന് കൂട്ടുനിൽക്കില്ല''- ലിബർട്ടി ബഷീർ വ്യക്തമാക്കി. ഡബ്ല്യു.സി.സിയിലെ അംഗങ്ങൾക്ക് തന്റെ എല്ലാ പിന്തുണയുണ്ടെന്നും ലിബർട്ടി ബഷീർ കൂട്ടിച്ചേർത്തു.