sabarimala-women-entry

പമ്പ:ശബരിമല സ്ത്രീ പ്രവേശനത്തിൽ പ്രതിഷേധിച്ച് നിലയ്‌ക്കലിൽ നടക്കുന്ന പ്രതിഷേധത്തിനിടെ പൊലീസ് വാഹനമടക്കം തടഞ്ഞ എട്ട് പേരെ പൊലീസ് കരുതൽ തടങ്കലിലെടുത്തു. ഇവർ മദ്യലഹരിയിലാണ് അക്രമം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. സമരക്കാർക്കിടയിലേക്ക് ഇവർ നുഴഞ്ഞ് കയറുകയായിരുന്നുവെന്നും ഇവരുടെ ഉദ്ദേശലക്ഷ്യമെന്താണെന്ന് അറിയില്ലെന്നും സമരക്കാർ പറഞ്ഞു. അതിനിടെ ശബരിമലയിലേക്ക് എത്തുന്ന വാഹനങ്ങൾ തടയാൻ അനുവദിക്കില്ലെന്ന് പൊലീസ് അധികൃതർ വ്യക്തമാക്കി. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും പമ്പയിലെത്തിയിട്ടുണ്ട്.

നിലയ്‌ക്കലിൽ പ്രതിഷേധക്കാർ വാഹനം തടഞ്ഞ് പരിശോധിക്കുന്നത് പൊലീസ് തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. ഇപ്പോൾ റോഡിന്റെ ഇരുവശത്തുമായി പൊലീസുകാരെ വിന്യസിച്ച ശേഷം വാഹനങ്ങൾ കടത്തിവിടുകയാണ്. കൂടുതൽ വനിതാ പൊലീസുകാരെയടക്കം വിന്യസിച്ച് നിലയ്‌ക്കലിലെ സ്ഥിതിഗതികൾ ഇപ്പോൾ പൊലീസ് ഏറ്റെടുത്തിരിക്കുകയാണ്. വാഹന പരിശോധന നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കാനാണ് പൊലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. റേഞ്ച് ഐ.ജി മനോജ് എബ്രഹാം ബുധനാഴ്‌ച പുലർച്ചെയോടെ നിലയ്‌ക്കലിൽ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

സമരത്തിനിടയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമം

അതേസമയം, ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സമാധാന പരമായി സമരം ചെയ്യുന്നവർക്കിടയിലേക്ക് ചിലർ നുഴഞ്ഞുകയറിയെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. പൊലീസുമായി പ്രശ്‌നമുണ്ടാക്കിയത് മദ്യലഹരിയിൽ ഇവിടേക്കെത്തിയവരാണ്. തങ്ങൾ ആരെയും വാഹനം തടഞ്ഞ് അക്രമിച്ചിട്ടില്ല. പമ്പയിലേക്ക് പോകാൻ എത്തുന്നവരോട് തങ്ങളുടെ ആചാരങ്ങൾ ലംഘിക്കരുതെന്ന ഉപദേശിക്കുക മാത്രമാണ് ചെയ്‌തതെന്നും പ്രതിഷേധക്കാർ പറയുന്നു. പ്രതിഷേധക്കാരുടെ നിലപാട് ശരിയാണെന്ന തരത്തിലാണ് പൊലീസുകാരും പ്രതികരിക്കുന്നത്. സമരത്തെ ഹൈജാക്ക് ചെയ്യാൻ ചില സംഘടനകൾ ശ്രമിച്ചേക്കുമെന്ന വിവരം ലഭിച്ചിരുന്നുവെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു.

ശരണം വിളിയുമായി രാത്രിയും പ്രതിഷേധക്കാർ

അതിനിടെ നിരവധി പ്രതിഷേധക്കാർ ഇപ്പോഴും ശരണം വിളികളുമായി നിലയ്‌ക്കലിൽ തുടരുകയാണ്. തുലാമാസ പൂ‌ജകൾക്കായി ശബരിമലയിൽ ബുധനാഴ്‌ച നട തുറക്കാനിരിക്കെ സമരം ശക്തമാക്കാൻ തന്നെയാണ് പ്രതിഷേധക്കാരുടെ തീരുമാനം.