ആദിവാസി മൂപ്പൻ നാരായണന്റെ നേതൃത്വത്തിൽ നടന്നുവന്ന പർണശാല സമരത്തിന് നേരെ വെളുപ്പിന് മൂന്നരയോടെ പൊലീസ് ലാത്തി വീശി. യുവതികൾ ഉൾപ്പെടെയുള്ളവർ ചിതറിയോടി. നിരവധിപേർക്ക് പരിക്കേറ്റു. ലാത്തിച്ചാർജിൽ പ്രതിഷേധക്കാരിൽ ഒരാളുടെ ചെവി തകർന്നു. ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് പ്രതിഷേധക്കാർക്ക് നേരെ വെളപ്പിന് നടപടി ആരംഭിച്ചത്. സ്ത്രീകളെ ഉൾപ്പെടെ അടിച്ചോടിച്ചശേഷം പർണശാല പൊളിച്ചുനീക്കി. സമരപ്പന്തൽ പൊളിച്ചെങ്കിലും സംഘർഷസാദ്ധ്യത ഒഴിഞ്ഞിട്ടില്ല.ഇന്നലെ മുതൽ തന്നെ ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വാഹനങ്ങൾ തടഞ്ഞ് യുവതികളുണ്ടോയെന്ന് പരിശോധന നടത്തിയിരുന്നു.പൊലീസ് വാഹനങ്ങളും തടയുന്ന സ്ഥിതി എത്തിയതോടെയാണ് വനിതാ പൊലീസ് ഉൾപ്പെടെ കൂടുതൽ പൊലീസുകാരെ വിന്യസിച്ച് സമരക്കാരെ നേരിട്ടത്. വാഹനങ്ങൾ തടഞ്ഞ എട്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു. ഇതിനിടെ പമ്പയിൽ വനിതാ പൊലീസുകാരെ അയ്യപ്പ ധർമസേന തടഞ്ഞു. സന്നിധാനത്തേക്ക് വനിതാ പൊലീസുകാരെ അയയ്ക്കില്ലെന്ന വാക്ക് മുഖ്യമന്ത്രി പാലിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.
യു.ഡി.എഫ് നേതാവ് കെ.സുധാകരന്റെ നേതൃത്വത്തിൽ നിലയ്ക്കലിലും ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ പമ്പയിലും ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയുടെ നേതൃത്വത്തിൽ നിലയ്ക്കൽ പർണശാലയിലും പി.സി.ജോർജ് എം.എൽ.എയുടെ നേതൃത്വത്തിൽ എരുമേലിയിലും സമരം നടക്കും. ഇന്നലെ അർദ്ധരാത്രിയോടെ വൻ പൊലീസ് സന്നാഹത്തിന്റെ നേതൃത്വത്തിൽ പമ്പയിലെത്തിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാറും അപ്പോൾ തന്നെ സന്നിധാനത്തേക്ക് പോയി. തീർത്ഥാനടവുമായി ബന്ധപ്പെട്ട് അവലോകന യോഗം സന്നിധാനത്തേക്ക് മാറ്രി. എം.എൽ.എമാരും ത്രിതല പഞ്ചായത്ത് പ്രതിനിധികളും ദേവസ്വം ഉദ്യോഗസ്ഥരുമാണ് യോഗത്തിൽ പങ്കെടുക്കുന്നത്. യോഗത്തിൽ പങ്കെടുക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥരെ പ്രതിഷേധക്കാർ തടഞ്ഞു. തിരിച്ചറിയൽ കാർഡ് കാട്ടി പൊലീസ് സഹായത്തോടെയാണ് ഇവർക്ക് പോകാനായത്. ശബരിമലയിൽ ആരു വന്നാലും പോകാൻ സംരക്ഷണം നൽകുമെന്ന് ഐ.ജി മനോജ് എബ്രഹാം. 50 വയസ്സിൽ താഴെയുള്ള സ്ത്രീകളുണ്ടെങ്കിൽ അവർക്കും സുരക്ഷ നൽകും.പ്രതിഷേധം വന്നാൽ നേരിടും.നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ല.
ശബരിമല തന്ത്രികുടുംബം ആദ്യമായി സമരരംഗത്തിറങ്ങി. സ്ത്രീപ്രവേശനത്തിനെതിരായാണ് ഇവരുടെ പ്രാർത്ഥനാ യജ്ഞം. തന്ത്രികുടുംബത്തിലെ മുതിർന്ന അംഗമായ ദേവകി അന്തർജ്ജനവും പങ്കെടുക്കുന്നുണ്ട്. അതിന് മുമ്പ് നൂറുകണക്കിന് പേർ നാമജപം നടത്തി. ദേവസ്വം ബോർഡിൽ ഭിന്നത. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.പത്മകുമാർ ആചാരങ്ങൾ നിലനിറുത്തണമെന്ന അഭിപ്രായപ്പെടുമ്പോൾ സുപ്രീംകോടതി വിധി കർശനമായി നടപ്പാക്കണമെന്ന നിലപാടിലാണ് ബോർഡ് അംഗം കെ.രാഘവൻ. റിവ്യൂ ഹർജി നൽകുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നാണ് രാഘവന്റെ നിലപാട്. പത്തനംതിട്ടയിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയുടെ ഉപവാസം ആരംഭിച്ചു. ഇന്ന് വൈകിട്ട് മുതൽ അയ്യപ്പധർമ്മസേയുടെ ഹർത്താൽ ആഹ്വാനം.
ആർക്കും ശബരിമലയിൽ പോകാം, തടഞ്ഞാൽ നടപടി: ഡി.ജി.പി
ശബരിമലയിലേക്ക് പോകുന്ന സ്ത്രീകളെ ആരും തടയില്ലെന്നും തടഞ്ഞാൽ അത് ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്റ പറഞ്ഞു. കോടതി ഉത്തരവ് നടപ്പാക്കുകയാണ് പൊലീസിന്റെ ജോലി. നിയമം കൈയിലെടുക്കാൻ ആർക്കും അധികാരമില്ലെന്നും ഡി.ജി.പി പറഞ്ഞു.
ഐ.ജി മനോജ് എബ്രഹാം ശബരിമലയിൽ എത്തിയിട്ടുണ്ട്. ദർശനത്തിന് എത്തുന്ന സ്ത്രീകൾക്ക് പൂർണ സംരക്ഷണം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ആരെയും തടയാൻ അനുവദിക്കില്ല. ഏത് സാഹചര്യവും നേരിടാൻ പൊലീസ് സജ്ജമാണ്. നിയമം കൈയിലെടുക്കാൻ ആർക്കും അധികാരമില്ലെന്നും മനോജ് എബ്രഹാം പറഞ്ഞു.