save-sabarimala

ശബരിമലയിൽ വിശ്വാസികളെ പൊലീസ് ബലപ്രയോഗത്തോടെ ഒഴിപ്പിക്കുന്നതിനെ നിശിതമായി വിമർശിച്ച് മാധ്യമ പ്രവർത്തകനും, രാഷ്ട്രീയ നിരീക്ഷകനുമായ കെ.വി.എസ് ഹരിദാസ്. ശബരിമലയിൽ യുവതി പ്രവേശനത്തിനായി ഭക്തന്മാരെ അടിച്ചമർത്താൻ നടത്തുന്ന ശ്രമങ്ങൾ കാണുമ്പോൾ ഓർമവരുന്നത് നിലക്കൽ സമരമാണെന്നും അന്ന് കെ.കരുണാകരൻ ഭക്തരോട് ചെയ്ത പ്രവർത്തിയാണ് ഇന്നത്തെ സർക്കാരും പിന്തുടരുന്നത്. നിലയ്ക്കലിൽ ഭക്തർ തങ്ങിയിരുന്ന പന്തൽ തകർത്തത് അതാണ് കാണിക്കുന്നത്. അന്ന് ശബരിമയിൽ പൂങ്കാവനം കൈയ്യേറി കുരിശ് നാട്ടിയവരെ തടയാതെ അവിടെയ്ക്ക് ഭക്തരെ കടത്തിവിടാതെ ബലം പ്രയോഗിച്ചു തടയുകയാണ് പോലീസ് ചെയ്തത്. അതേസമയം ഭക്തരെ തല്ലിച്ചതയ്ക്കുന്നത് കാര്യങ്ങൾ വിഷമകരമാക്കുമെന്ന മുന്നറിയിപ്പും കെ.വി.എസ് ഹരിദാസ് നൽകുന്നു. പ്രതിഷേധങ്ങൾ വക വയ്ക്കാതെ സ്ത്രീകളെ, യുവതികളെ പോലീസ് സംരക്ഷണയിൽ സന്നിധാനത്ത് എത്തിക്കാൻ പോലീസ് ശ്രമിച്ചാൽ, ഒരു സംശയവുമില്ല അത് പുതിയ ചരിത്രം സൃഷ്ടിക്കുമെന്നും. അത് അയ്യപ്പ ഭക്തൻമാരെ വേദനിപ്പിച്ച് സ്വാമി അയ്യപ്പന്റെ ആഗ്രഹങ്ങൾക്ക് വിരുദ്ധവുമായ ഒന്നാവും എന്നും കരുതേണ്ട സമയമായിരിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ശബരിമല ഭക്തന്മാരെ അടിച്ചമർത്താൻ നടത്തുന്ന ശ്രമങ്ങൾ ജനങ്ങൾ കാണുന്നുണ്ടല്ലോ. യുവതി പ്രവേശനത്തിന് സംസ്ഥാന ഭരണകൂടം എങ്ങിനെയാണ് അധ്വാനിക്കുന്നത് എന്നത് വ്യക്തമാക്കുന്നതാണ് ഈ നടപടികൾ. നിലയ്ക്കലിൽ ഭക്തർ തങ്ങിയിരുന്ന പന്തൽ തകർത്തത് അതാണ് കാണിക്കുന്നത്.
ഓർമയിൽ വരുന്നത് നിലക്കൽ സമരമാണ്. അന്ന് കെ കരുണാകരൻ ചെയ്തതും ഇന്ന് ഈ സർക്കാർ ചെയ്യുന്നതും ഒന്ന് തന്നെയാണ്. അതും ഇതും നിലയ്ക്കലിൽ തന്നെ. അന്ന് ശബരിമല പൂങ്കാവനം കയ്യേറുകയും കുരിശ് നാട്ടുകയും ചെയ്തിടത്തേക്ക് ഭക്തരെ കടത്തിവിടാതെ ബലം പ്രയോഗിച്ചു തടയുകയാണ് പോലീസ് ചെയ്തത്.

ഇന്നിപ്പോൾ നിലയ്ക്കലിൽ നിന്ന് ശബരിമലയിലേക്ക് യുവതികൾ എത്തുന്നത് തടയാനാണ് ഭക്തരുടെ ശ്രമം. അതിനിടെ തല്ലിച്ചതക്കുന്നത് കാര്യങ്ങൾ വിഷമകരമാക്കും എന്ന് കരുതുന്നവരാണ് പലരും. തന്ത്രിമാർ രാവിലെ പമ്പയിൽ തന്ത്രി കുടുംബാംഗങ്ങളുടെ പ്രാർഥനായജ്ഞം; ബിജെപി നേതാക്കളുടെ സത്യഗ്രഹം നിലയ്ക്കലിൽ. സ്ത്രീകളെ, യുവതികളെ പോലീസ് സംരക്ഷണയിൽ സന്നിധാനത്ത് എത്തിക്കാൻ പോലീസ് ശ്രമിച്ചാൽ, ഒരു സംശയവുമില്ല, ഇത് ഒരു പുതിയ ചരിത്രമാവും. യുവതികൾ ക്ഷേത്ര ദർശനം നടത്തിയാൽ തന്ത്രിമാർ, ആചാരാനുഷ്ഠാന സംരക്ഷണത്തിനായി, ഇടപെടാനുള്ള സാധ്യതകളുണ്ട്. അതിന് അധികാരവുമുണ്ട്. എന്തായാലും ശബരിമല ഒരുപുതിയ ചരിത്രം സൃഷ്ടിക്കുകയാണ് എന്ന് തോന്നുന്നു. അത് അയ്യപ്പ ഭക്തൻമാരെ വേദനിപ്പിച്ചുകൊണ്ടും, സ്വാമി അയ്യപ്പന്റെ ആഗ്രഹങ്ങൾക്ക് വിരുദ്ധവുമാവും എന്നും കരുതേണ്ട സമയമായിരിക്കുന്നു.