sabarimala

പത്തനംതിട്ട: സന്നിധാനത്ത് ഡ്യൂട്ടിക്കായി രണ്ട് വനിതാ ഡോക്ടർമാരെത്തി. ഇവർ 50 വയസ് കഴിഞ്ഞവരാണെന്ന് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. സന്നിധാനത്ത് വിളിച്ച് ചേർത്ത യോഗത്തിൽ പങ്കെടുക്കാനെത്തിയതാണെന്നും ദർശനത്തിന് ശേഷം മടങ്ങിപ്പോകുമെന്നും അവർ വ്യക്തമാക്കി. അതേസമയം, ഇവരോട് ചില ഭക്തർ വയസ് തെളിയിക്കുന്നതിനുള്ള രേഖകൾ കാണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും ഡോക്ടർമാർ പറഞ്ഞു. പബ്ലിക് ഹെൽത്ത് അഡീഷനൽ ഡയറക്ടർ ഡോ. കെ.ജെ. റീന, കൊതുകുജന്യ രോഗനിവാരണത്തിന്റെ ഡപ്യൂട്ടി ഡയറക്ടർ ഡോ. മീനാക്ഷി എന്നിവരാണ് സന്നിധാനത്തെത്തിയത്.

കഴിഞ്ഞ വർഷം ഇതുമായി ബന്ധപ്പെട്ട യോഗം നടന്നിരുന്നത് പമ്പയിലാണ്. എന്നാൽ പ്രളയത്തെ തുടർന്ന് പമ്പയിൽ യോഗം നടത്താനുള്ള സാഹചര്യം ഇല്ലാത്തതിനെ തുടർന്നാണ് സന്നിധാനത്തേക്ക് മാറ്റിയത്. അതേസമയം, ദേവസ്വം ഗാർഡുമാർ ഇവരുടെ പേരും വയസും എഴുതി വയ്പ്പിച്ചു. യുവതീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി വന്ന പശ്ചാത്തലത്തിൽ തങ്ങളുടെ പേരും വയസും എഴുതിവയ്പ്പിച്ചതിലെ അമർഷം ഇരുവരും മാദ്ധ്യമങ്ങളോട് പങ്കുവച്ചു.