പമ്പ: സുപ്രീംകോടതി വിധിയുടെ പേരിൽ ശബരിമലയിൽ പൊലീസിന്റെ ഇടപെടലും നടപടികളും അംഗീകരിക്കാനാവില്ലെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. തികഞ്ഞ അവധാനതയോടെവേണം ഇത്തരം കാര്യങ്ങളും സാഹചര്യങ്ങളും നേരിടാൻ. എന്നാൽ സംസ്ഥാന സർക്കാരിന്റെ ധാർഷ്ട്യമാണ് പൊലീസ് നടപടികളിൽ കാണാനാകുന്നതെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
ശബരിമലയെ സംരക്ഷിക്കാൻ കോൺഗ്രസ് സമരവുമായി മുന്നോട്ടുപോകും. നിലയ്ക്കലിൽ പൊലീസിന്റെ പെരുമാറ്റം ആശാസ്യകരമല്ല. സമരത്തിന്റെ പേരിൽ ബി.ജെ.പിയുടേത് കാപട്യമാണ്. എന്തിനാണ് അവർ സമരം നടത്തുന്നത്. നിയമനിർമ്മാണം നടത്തിയാൽ പോരേ. സംസ്ഥാന സർക്കാരിനായാലും ഇത് ചെയ്താൽ പോരെ. കൊടിയുമെടുത്ത് ബിജെപിക്കാർ സമരം ചെയ്തതിന്റെ ഔചിത്യമെന്താണെന്നും അദ്ദേഹം ചോദിച്ചു. സമരത്തിന്റെ അനിവാര്യത കോൺഗ്രസ് നേതൃത്വത്തെ ബോദ്ധ്യപ്പെടുത്താൻ പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഡൽഹിക്ക് പോയിട്ടുണ്ട്. കേരളത്തിന്റെ പ്രത്യേക സാഹചര്യം കേന്ദ്ര നേതൃത്വത്തിന് അറിയില്ല. അത് ബോദ്ധ്യപ്പെടുത്താൻ ഞങ്ങൾക്ക് കഴിയും. ഈ പ്രതിഷേധത്തെ കോൺഗ്രസ് പിന്തുണയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള സഹനസമരമാണിത്. ഇതിൽ മറ്റൊരു അജണ്ടയില്ലെന്നും സുധാകരൻ പറഞ്ഞു.