പത്തനംതിട്ട: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമല ദർശനത്തിനെത്തവെ നാട്ടുകാർ തടഞ്ഞെങ്കിലും കടുത്ത ആത്മവിശ്വാസത്തിലാണ് ചേർത്തല സ്വദേശിനി ലിബി.സി.എസ്. നമ്മൾ വിജയിക്കുക തന്നെ ചെയ്യും, പൊലീസ് ഒപ്പമുണ്ട്, ഉച്ചയോടെ ശബരിമലയിലെത്തുമെന്നാണ് ലിബി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
പത്തനംതിട്ട ബസ് സ്റ്റാൻഡിൽ വച്ചാണ് നാട്ടുകാർ ലിബിയെ തടഞ്ഞത്. ആൾക്കൂട്ടം ഇവർക്ക് നേരെ തിരിഞ്ഞതിനെ തുടർന്ന് പൊലീസ് വലയത്തിൽ ഇവരെ അവിടെ നിന്നും മാറ്റി. കോടതി വിധിയുടെ പശ്ചാത്തലത്തിലും മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചുമാണ് ശബരിമലയ്ക്ക് പോകുന്നതെന്ന് നേരത്തെ ലിബി പറഞ്ഞിരുന്നു.
ചേർത്തലയിൽ നിന്ന് ഇന്ന് രാവിലെയാണ് ലിബി സിഎസും സംഘവും ശബരിമലയിലേക്ക് തിരിച്ചത്. യാത്രമധ്യേ ചിലർ ഇവരെ തടയാൻ ശ്രമിച്ചതിനെ തുടർന്ന് ചങ്ങാനാശ്ശേരി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തുടർന്ന് പത്തനംതിട്ട ബസ് സ്റ്റാൻഡിൽ എത്തിയ ലിബിയെ അവിടെ വച്ച് യാത്രക്കാരും നാട്ടുകാരും തടയുകയായിരുന്നു. പ്രതിഷേധത്തിനിടെ വളരെ ബുദ്ധിമുട്ടിയാണ് യുവതിയെ പൊലീസ് അവിടെ നിന്നും മാറ്റിയത്.