തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ തടഞ്ഞ് പ്രതിഷേധം നടത്തുന്നവർക്ക് അയ്യപ്പദോഷം ഉണ്ടാകുമെന്ന് മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. എല്ലാ ക്ഷേത്രങ്ങളെയും സംരക്ഷിക്കേണ്ട ചുമതല സർക്കാരിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഈ ഹീനകൃത്യത്തിൽ നിന്ന് അവർ പിന്മാറണം. അവർ ചെയ്യുന്നത് മഹാപാപമാണ്. അവർക്ക് നാശമുണ്ടാകും. അവർ ചെയ്യുന്നത് എന്തെന്ന് അവർ അറിയുന്നില്ല'- പ്രതിഷേധക്കാരെ കുറിച്ച് മന്ത്രി പറഞ്ഞു. അതേസമയം, കെ.സുധാകരന്റെ ഉപവാസം വലിയ തമാശയാണെന്നും മന്ത്രി പറഞ്ഞു. കോൺഗ്രസിൽ ഓരോരുത്തർക്കും തോന്നുന്നതു പോലെയാണ്. സുപ്രീംകോടതി വിധി ചരിത്രപരമാണെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെന്നും ജയരാജൻ കൂട്ടിച്ചേർത്തു.