ശബരിമല: സുപ്രീം കോടതി വിധിയെ തുടർന്ന് ശബരിമലയിൽ അയ്യപ്പദർശനത്തിനെത്തിയ നാൽപത്തിയഞ്ചുകാരി ശബരിമല സംരക്ഷണ സമിതിയുടെ പ്രതിഷേധത്തെ തുടർന്ന് ദർശനം നടത്താതെ മടങ്ങി. ഇന്ന് രാവിലെ 10.30 ഓടെയാണ് ആന്ധ്രയിലെ ഗോദാവരി മാധവി എന്ന സ്ത്രീ അടക്കം ഒരു കുടുംബത്തിലെ പരന്പരാഗത പാത വഴി സന്നിധാനത്തേക്ക് എത്തിയത്. എന്നാൽ, സമരക്കാർ അവരെ തടഞ്ഞു. വയസ് ചോദിച്ചപ്പോൾ 45 ആണെന്ന് മാധവി മറുപടി നൽകി. തുടർന്ന് സമരക്കാർ അവരെ തിരിച്ചയയ്ക്കാൻ ശ്രമിച്ചു.
ഇതോടെ പൊലീസ് ഇടപെട്ട് സുരക്ഷ ഒരുക്കി. സമരക്കാരെ പൊലീസ് തള്ളിമാറ്റിയപ്പോൾ സ്വാമി അയ്യപ്പൻ റോഡ് വഴി സന്നിധാനത്തേക്കുള്ള വഴിയിൽ നൂറ് മീറ്ററോളം അവർ മുന്നോട്ട് പോയി. എന്നാൽ കൂടുതൽ പ്രതിഷേധക്കാർ എത്തിയതോടെ പൊലീസ് സംരക്ഷണത്തിൽ നിന്ന് പിന്നാക്കം പോയി. സംരക്ഷണമില്ലാതെ വന്നതോടെ മാധവിയും സംഘവും മടങ്ങുകയായിരുന്നു.