നിയമം കൈയ്യിലെടുത്ത് തീർത്ഥാടകരെ തടയാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ. മണ്ഡലമകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി എല്ലാ വർഷവും സംഘടിപ്പിക്കുന്ന അവലോകന യോഗത്തിൽ പങ്കെടുക്കാനായിട്ടാണ് ദേവസ്വം മന്ത്രിയെന്ന നിലയിൽ താൻ ശബരിമല സന്നിധാനത്തെത്തിയത്. യുവതികളെ പ്രവേശിപ്പിക്കുന്നതിനോ തടയുന്നതിനോ വേണ്ടിയല്ല ദേവസ്വം മന്ത്രിയെന്ന നിലയിൽ ഞാൻ സന്നിധാനത്തെത്തിയത്.
എന്നാൽ തെറ്റിദ്ധാരണ പരത്തുന്ന പരാമർശങ്ങളാണ് പ്രചരിക്കുന്നത്. പ്രളയത്തെ തുടർന്ന് തകർന്ന പമ്പയിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കേണ്ടതുണ്ടെന്നും എന്നാൽ ഇതിനെ തടസപ്പെടുത്താൻ നീക്കം നടത്തുന്ന വർഗ്ഗീയ തീവ്രവാദികളെ തടയുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി എല്ലാ വർഷവും സംഘടിപ്പിക്കുന്ന വിവിധ വകുപ്പുകളുടെയും ദേവസ്വം ബോർഡിന്റെയും അവലോകന യോഗത്തിൽ പങ്കെടുക്കാനായി ഇന്നലെ ശബരിമല സന്നിധാനത്തെത്തി. തീർഥാടന കാലത്തിനുള്ള മുന്നൊരുക്കങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. പ്രളയത്തെ തുടർന്ന് തകർന്ന പമ്പയിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കും. ഈ നിർമ്മാണ പ്രവർത്തനങ്ങളടക്കം തടസ്സപ്പെടുത്താനുള്ള നീക്കം ചില വർഗ്ഗീയ തീവ്രവാദികൾ നടത്തുന്നുണ്ട്. ഇത് അനുവദിക്കാനാകില്ല.
നിയമം കൈയിലെടുത്ത് തീർഥാടകരെ തടയാൻ ഒരു കാരണവശാലും അനുവദിക്കുകയില്ല. ശാന്തമായ അന്തരീക്ഷത്തിൽ തീർഥാടനം നടത്താനുള്ള ഭക്തരുടെ അവകാശം ഹനിക്കാൻ ആരെയും അനുവദിക്കുകയില്ല. ശരണം വിളിയെ മുദ്രാവാക്യമായി പരിവർത്തനം ചെയ്യുന്നവർ ശ്രീ അയ്യപ്പനെയും അയ്യപ്പ ഭക്തരെയും അപമാനിക്കുകയാണ്. പ്രശ്നങ്ങൾ ഉണ്ടാക്കുന്നവർക്ക് ഭക്തരുടെ പിന്തുണയില്ല എന്നത് വ്യക്തമായി കഴിഞ്ഞു.
യുവതികളെ പ്രവേശിപ്പിക്കുന്നതിനോ തടയുന്നതിനോ വേണ്ടിയല്ല ദേവസ്വം മന്ത്രിയെന്ന നിലയിൽ ഞാൻ സന്നിധാനത്തെത്തിയത്. തെറ്റിദ്ധാരണ പരത്തുന്ന പരാമർശങ്ങൾ വഴി കലാപത്തിന് ശ്രമിക്കുന്നവരെ നേരിടുക തന്നെ ചെയ്യും.