1. ശബരിമല ദർശനം നടത്താൻ എത്തിയ ആന്ധ്ര യുവതി പ്രതിഷേധം മറികടന്ന് സന്നിധാനത്തേയ്ക്ക് തിരിച്ചെങ്കിലും പൊലീസ് സുരക്ഷയുടെ അഭാവത്തിൽ യാത്ര പൂർത്തിയാക്കാതെ മടങ്ങി. രണ്ടിടത്ത് പ്രതിഷേധക്കാരെ മറി കടന്നെങ്കിലും സ്വാമി അയ്യപ്പൻ റോഡിനരികെ പൊലീസ് ഇല്ലാത്തതിനാൽ മടങ്ങുക ആയിരുന്നു. 45 വയസുള്ള ആന്ധ്രാ സ്വദേശിനി മാധവിയാണ് സന്നിധാന യാത്ര പൂർത്തിയാക്കാതെ മടങ്ങിയത്.
2. അതേസമയം നിലയ്ക്കലിൽ കൂടുതൽ പ്രതിഷേധക്കാർ എത്തുന്നു. 2000 ത്തോളം പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ ആകാതെ നിസഹായരാവുകയാണ് പൊലീസ്. രാവിലെ പൊളിച്ചുമാറ്റിയ സമരപ്പന്തൽ വീണ്ടും കെട്ടുന്നതിനും പൊലീസ് സാക്ഷിയാകേണ്ടി വന്നു. അതേസമയം, ദർശനത്തിന് എത്തിയ ലിബി എന്ന യുവതിയെ പത്തനം തിട്ടയിൽ തടഞ്ഞതിനെ തുടർന്ന് 50 പേർക്ക് എതിരെ പൊലീസ് കേസെടുത്തു.
3. എന്തു വന്നാലും ദർശനം നടത്തും എന്ന് ലിബിയും പമ്പയിലേക്ക് കടത്തിവിടില്ല എന്ന് സമരക്കാരും. ശബരിമലയിലെ സംഭവ വികാസങ്ങൾ അപലപനീയം എന്ന് തൃപ്തി ദേശായി. ഭക്തരായ സ്ത്രീകളെ ആക്രമിക്കുന്നത് ന്യായീകരിക്കാൻ ആവില്ല. സംഘർഷാവസ്ഥയ്ക്ക് അയവ് വന്ന ശേഷം ശബരിമലയിലേക്ക് എത്തും എന്നും തൃപ്തി.
4. ശബരിമലയിലെ സ്ഥിതിവിശേഷം സ്‌ഫോടനാത്മകം ആകുന്നതു തിരിച്ചറിഞ്ഞ് സന്നിധാനം, വടശേരിക്കര, നിലയ്ക്കൽ എന്നിവിടങ്ങളിൽ അടിയന്തരമായി മൂന്നു പൊലീസ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. എങ്കിലും പുതിയ സാഹചര്യത്തിുൽ വേണ്ടത്ര സുരക്ഷ ഒരുക്കാൻ പൊലീസ് പരാജയപ്പെടുന്നു എന്ന് വെളിവാകുകയാണ്. വനിതകളടക്കം ഓരോ സ്റ്റേഷനിലും 60 പൊലീസുകാരുണ്ട്. ക്രമസമാധാനനില അട്ടിമറിക്കാൻ ആസൂത്രിത നീക്കം നടക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നിലയ്ക്കൽ, എരുമേലി, പമ്പ തുടങ്ങിയ സ്ഥലങ്ങളിൽ കൂടുതൽ പൊലീസുകാരെ വിന്യസിച്ചു.
5. തുലാമാസ പൂജയ്ക്ക് ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കാനിരിക്കെ നിലയ്ക്കലിൽ സംഘർഷാവസ്ഥ തുടരുന്നു. ഇന്ന് രാവിലെ നിലയ്ക്കലിൽ റോഡ് ഉപരോധിക്കാൻ ശ്രമിച്ച ശബരിമല സംരക്ഷണ സമിതി പ്രവർത്തകരെ പൊലീസ് ലാത്തിവീശി ഓടിച്ചു. സമര സമിതിയുടെ പന്തൽ പൊലീസ് പൊളിച്ചു നീക്കി. പുലർച്ചെ മാദ്ധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് എതിരെ കയ്യേറ്റ ശ്രമം ഉണ്ടായതായും റിപ്പോർട്ട്.
6. ശബരിമല ദർശനത്തിനായി എത്തിയ രാഹുൽ ഈശ്വറിനെയും മുത്തശിയേയും തടഞ്ഞതിനെ തുടർന്നും നേരിയ സംഘർഷം ഉണ്ടായി. സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധിക്കുന്നവർ ഇന്നലെ രാത്രിയിൽ നിലയ്ക്കലിൽ വാഹനം തടഞ്ഞ് തമിഴ്‌നാട് സ്വദേശികളായ ദമ്പതികളെ മർദിച്ചിരുന്നു. പമ്പയിലും നിലയ്ക്കലിലുമായി കൂടുതൽ പൊലീസിനെ വിന്യസിച്ചെങ്കിലും രാത്രിയിലും വാഹനപരിശോധനയുമായി സമരക്കാർ തെരുവിൽ ഇറങ്ങുക ആയിരുന്നു.
7. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ സന്നിധാനത്ത് നടക്കുന്ന ശബരിമല അവലോകന യോഗത്തിൽ പങ്കെടുക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥരെ സമരക്കാർ തടഞ്ഞു. സന്നിധാനത്ത് ഡ്യൂട്ടിയ്ക്ക് നിയോഗിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥരെയും സമരക്കാർ തിരിച്ചയച്ചതായി വിവരം. യോഗത്തിൽ നാല് വനിതാ ഉദ്യോഗസ്ഥർ പങ്കെടുക്കുന്നു.
8. അതേസമയം, ശബരിമലയിൽ ആർക്കും പോകാം എന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്ര. ആരെയും തടയില്ല. സുപ്രീംകോടതി വിധി നടപ്പാക്കാൻ തങ്ങൾ ബാധ്യസ്ഥർ. സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്താൻ ആരെയും അനുവദിക്കില്ല. നിയമം കയ്യിൽ എടുക്കുന്നവർക്ക് എതിരെ കർശന നടപടി എടുക്കും. കഴിഞ്ഞ ദിവസം ഉണ്ടായത് എല്ലാം അപ്രതീക്ഷിത സംഭവങ്ങൾ എന്നും ഡി.ജി.പി.
9. സിനിമാ ലൊക്കേഷനുകളിൽ പരാതി പരിഹാര സെൽ രൂപീകരിക്കണം എന്ന് ആവശ്യപ്പെട്ട് ഡബ്യു.സി.സി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വനിതാ കൂട്ടായ്മ ഭാരവാഹികളായ പത്മപ്രിയ, റിമ കല്ലിങ്കൽ എന്നിവരാണ് കോടതിയിൽ ഹർജി നൽകിയത്. ആരോഗ്യമന്ത്രി കെ.കെ ഷൈലജയുമായി നടത്തിയ കൂടിക്കാഴ്ചയിലും ഇക്കാര്യം ചർച്ചയായിരുന്നു.
10. ഡബ്ല്യു.സി.സി ഭാരവാഹികളായ ബീന പോൾ, വിധു വിൻസന്റ് എന്നിവരാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. എല്ലാ സ്ഥാപനങ്ങളിലും പരാതി പരിഹാര സെൽ രൂപീകരിക്കണമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി നിർദ്ദേശിച്ചിരുന്നു. അതേസമയം, സംവിധായകനും ഫെഫ്ക ജനറൽ സെക്രട്ടറിയുമായ ബി. ഉണ്ണികൃഷ്ണന് എതിരെ പൊലീസിൽ പരാതി.
11. നടിയും ഡബ്ല്യു.സി.സി അംഗവുമായ അർച്ചന പദ്മിനിയുടെ പരാതി ലഭിച്ചിട്ടും നിയമനടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് ബി. ഉണ്ണികൃഷ്ണന് എതിരെ പൊലീസിൽ പരാതി നൽകിയത്. കെ.എസ്.യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.വൈ. ഷാജഹാന്റേതാണ് പരാതി. കേസിനെ നിയമപരമായി തന്നെ നേരിടുമെന്ന് ബി. ഉണ്ണികൃഷ്ണൻ.