pooja

ഒടിയനു ശേഷം മോഹൻലാൽ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രിയർദർശൻ സംവിധാനം ചെയ്യുന്ന മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം. ചിത്രത്തിൽ മഞ്ജുവാര്യരും കല്യാണി പ്രിയദർശനും കീർത്തി സുരേഷും നായികമാരാകുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. ചിത്രത്തിൽ നാലു നായികമാരുണ്ടെന്ന വിവരമാണ് ഇപ്പോൾ വരുന്നത്. വിശ്വരൂപം, ഉത്തമ വില്ലൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ പൂജാ കുമാറാണ് അറബിക്കടലിന്റെ സിംഹത്തിലെ മറ്റൊരു നായിക.

നവംബർ ഒന്നിന് ചിത്രീകരണം ആരംഭിക്കുന്ന സിനിമയിൽ പൂജ ജോയിൻ ചെയ്യും. ചെയ്ത കഥാപാത്രങ്ങളിലൂടെ നിരൂപക പ്രശംസ നേടിയ പൂജ മരയ്ക്കാറിലെ അവസരത്തെ ഭാഗ്യം എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. മോഹൻലാലിനൊപ്പം പ്രണവ് എത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 16ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കുഞ്ഞാലി മരയ്ക്കാറുടെ കഥ പറയുന്ന ചിത്രത്തിൽ മധു, സുനിൽ ഷെട്ടി, അർജുൻ തുടങ്ങി വൻതാരനിര തന്നെയുണ്ട്. റോയ് സി.ജെ, സന്തോഷ് ടി. കുരുവിള, ആന്റണി പെരുമ്പാവൂർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.