തിരുവനന്തപുരം : അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നഗര ഗതാഗതം സുഗമവും സുരക്ഷിതവുമാക്കാനും കുറ്റകൃത്യങ്ങൾ അമർച്ചചെയ്യാനും സിറ്റി പൊലീസിന് അമ്പത് കോടിയുടെ സ്മാർട്ട് സിറ്റി പദ്ധതി.
ട്രാഫിക്കിന് 26 കോടി
.റോഡുകളിലെ ഗതാഗത നിയമ ലംഘനങ്ങളും സുരക്ഷാപിഴവുകളുമെല്ലാം കണ്ണിമവെട്ടാതെ നിരീക്ഷിക്കാനും വീഴ്ചകൾക്കും നിയമലംഘനങ്ങളിൽ സെക്കൻഡുകൾക്കകം നടപടികൈക്കൊള്ളാനും കഴിയും. സിറ്റി പൊലീസ് കൺട്രോൾ റൂമിലും ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലും മോണിട്ടറിംഗ് സംവിധാനവുമുണ്ടാകും. അഡ്വാൻസ്ഡ് സെൻസറുകൾ, ഹൈക്വാളിറ്റി കാമറകൾ, ഉയർന്ന ഫ്രീക്വൻസിയുള്ള വയർലസുകൾ , മോണിറ്ററുകൾ, കമ്പ്യൂട്ടർ ശൃംഖല എന്നിവയുടെ സഹായത്തോടെ നഗരത്തിന്റെ മുക്കിലും മൂലയിലുമുള്ള ഗതാഗത തിരക്കുൾപ്പെടെ എല്ലാ കാര്യങ്ങളും സസൂക്ഷ്മം നിരീക്ഷിക്കുകയും ആവശ്യമായ സ്ഥലങ്ങളിൽ അപ്പപ്പോൾ പൊലീസിന്റെ സഹായവും ഇടപെടലും ഉറപ്പാക്കും. അപകടങ്ങൾ ഒഴിവാക്കുന്നതിനും കാൽനടയാത്രക്കാരുൾപ്പെടെയുള്ളവരുടെ സുരക്ഷയ്ക്കും മുൻഗണന നൽകും. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ ഓരോ സ്ഥലത്തെയും ട്രാഫിക് തിരക്ക് തിരിച്ചറിഞ്ഞ് ഗതാഗതം നിയന്ത്രിക്കാനും വഴിതിരിച്ച് വിടാനുമെല്ലാം സ്മാർട്ട് ട്രാഫിക്കിൽ പദ്ധതികളുണ്ട്. വയർലസ് ട്രാൻസ് മീറ്ററുകൾ വഴി ആംബുലൻസ്, ഫയർഫോഴ്സ്, വി.വി.ഐ.പി വാഹനങ്ങൾ തുടങ്ങി എമർജൻസി വാഹനങ്ങളുടെ വരവ് കി.മീറ്ററുകൾ അകലെവച്ചുതന്നെ തിരിച്ചറിഞ്ഞ് ഗതാഗതക്കുരുക്കിലും സിഗ്നലുകളിലും പെടാതെ ഇവയെ കടത്തി വിടുന്ന ട്രാഫിക് ഇന്റലിജൻസ് സംവിധാനവും ഇതിന്റെ ഭാഗമായുണ്ടാകും. അപകടങ്ങൾക്കിടയാക്കുന്നവരെയും നിയമ ലംഘകരെയും കാമറ സഹായത്തോടെ തിരിച്ചറിയുന്ന ഓട്ടോ മാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗനൈസേഷൻ സിസ്റ്റവും വരും. രാപകൽ വ്യത്യാസമില്ലാതെ കടന്നുപോകുന്ന മുഴുവൻ വാഹനങ്ങളുടെയും നമ്പരുകൾ റെക്കോഡ് ചെയ്ത് സൂക്ഷിക്കാനുള്ള മെമ്മറി സംവിധാനമുള്ള കാമറകളും കമ്പ്യൂട്ടറുമാണ് ഇതിന്റെ പ്രത്യേകത.
കുറ്റകൃത്യങ്ങൾ തടയാൻ 24 കോടി
മോഷണം, മറ്റ് കുറ്റകൃത്യങ്ങൾ, സ്ത്രീകൾക്ക് നേരെയുള്ള കൈയേറ്റം, പൊതുസ്ഥലങ്ങൾ, ബസ് സ്റ്റോപ്പുകൾ, വിദ്യാലയങ്ങൾ, മാർക്കറ്റുകൾ, ആശുപത്രിപരിസരങ്ങൾ, ആരാധനാലയങ്ങൾ, മറ്റ് തന്ത്രപ്രധാന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ നിരീക്ഷണത്തിനായി എന്നിവയ്ക്കായി അകലെനിന്നുള്ള ദൃശ്യങ്ങൾപോലും വ്യക്തമായി ചിത്രീകരിക്കാൻ കഴിയുന്ന 500ൽ അധികം പുതിയ കാമറകൾ വരും. 13 പുതിയ കൺട്രോൾ റൂം വെഹിക്കിളുകളും പത്ത് പുതിയ ബൈക്ക് പട്രോൾ സംഘങ്ങളുമുണ്ടാകും. അപകടങ്ങളും അത്യാഹിതങ്ങളും പ്രകൃതി ദുരന്തങ്ങളും നേരിടാൻ സുസജ്ജമായ ദുരന്ത നിവാരണ സേനയും ഇതിന്റെ ഭാഗമായുണ്ടാകും.