sabarimala

പമ്പ: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിൽ പ്രതിഷേധിച്ച് പമ്പയിൽ നാമജപം നടത്തുകയായിരുന്ന താഴമൺ തന്ത്രി കുടുംബത്തിലെ മുതിർന്ന അംഗം ദേവകി മഹേശ്വരര് അന്തർജനത്തേയും മകൾ മല്ലികാ നമ്പൂതിരിയെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പമ്പയിൽ സംഘർഷാവസ്ഥ ഉടലെടുത്തതിനെ തുടർന്നാണിത്. ഇരുവരേയും പന്പയിലെ സ്റ്റേഷനിലേക്ക് മാറ്റി. തന്ത്രി കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. ശോഭാ സുരേന്ദ്രൻ, കെ. സുരേന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പമ്പയിൽ ബി.ജെ.പി നാമജപ മന്ത്രോച്ചാരണവും തുടങ്ങി.

ഇവരെ കൂടാതെ പമ്പയിൽ പ്രതിഷേധം നടത്തിയവരേയും അയ്യപ്പസേവാ സംഘം പ്രവർത്തകരേയും പൊലീസ് അറസ്റ്റു ചെയ്തു. സമരത്തിന്റെ പേരിൽ വ്യാപക സംഘർഷവും അരങ്ങേറി. സ്ത്രീകളുൾപ്പടെയുള്ള സമരക്കാരെയും അറസ്റ്റ് ചെയ്യുന്നുണ്ട്. രാവിലെ മുതൽ ഇവിടേയ്‌ക്കെത്തിയ എല്ലാ സ്ത്രീകളെയും പ്രായപരിശോധനയ്ക്ക് ശേഷം മാത്രമാണ് ഇവർ കടത്തി വിട്ടത്. ഇത്തരത്തിൽ ശബരിമലയിലേയ്ക്ക് സ്ത്രീകളെത്തുന്നത് തടയുന്നവരെയാണ് കൂട്ടത്തോടെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അതിനിടെ മാദ്ധ്യമ പ്രവർത്തകരുടെ വാഹനങ്ങൾക്ക് നേരെയും ആക്രമണം ഉണ്ടായി. റിപ്പബ്ളിക് ടി.വിയുടെ കാർ പ്രതിഷേധക്കാർ തല്ലിത്തകർത്തു. ന്യൂസ് മിനിട്ട് ഓൺലൈൻ സൈറ്റിന്റെ റിപ്പോർട്ടർ സരിതയെ പ്രതിഷേധക്കാർ ബസിൽ നിന്ന് ഇറക്കിവിട്ടു. പത്തനംതിട്ടയിൽ വച്ച് ലിബി എന്ന യുവതിയെ തടഞ്ഞ പ്രതിഷേധക്കാരിൽ കണ്ടാലറിയാവുന്ന 50 പേർക്കെതിരെ പൊലീസ് കേസെടുത്തു.