തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിലെ അനധികൃത തെരുവോര കച്ചവടം വീണ്ടും വ്യാപകമാകുന്നു. ആശുപത്രിയിലേക്ക് എത്തുന്ന രോഗികൾക്കും മറ്റുള്ളവർക്കും ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയാണ്. നഴ്സിംഗ് ആൻഡ് ഫാർമസ്യൂട്ടിക്കൽ കോളേജ്, റീജിയണൽ കാൻസർ സെന്റർ, ഡെന്റൽ കോളേജ്, ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി, എസ്.എ.ടി ആശുപത്രി തുടങ്ങി നിരവധി സ്ഥാപനങ്ങൾ ആശുപത്രി പരിസരത്തുണ്ട്. അതിനാൽ സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി പ്രതിദിനം ആയിരക്കണക്കിന് പേരാണ് ഇവിടെ വന്നുപോകുന്നത്.
ഭക്ഷണസാധനങ്ങൾ ഉൾപ്പെടെയുള്ള എല്ലാവിധ സാധനങ്ങളും തെരുവോരകച്ചവടക്കാരുടെ പക്കൽ ലഭ്യമാണ്. ലൈസൻസ്, ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അനുമതി, നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ അനുമതി എന്നിവയൊന്നും ഇല്ലാതെയാണ് ഇവരുടെ പ്രവർത്തനം. ഭക്ഷ്യവസ്തുക്കൾ റോഡിൽ നിരത്തിയാണ് വില്പന.
ഏതാനും മാസങ്ങൾക്ക് മുൻപ് ആശുപത്രിക്ക് അകത്തായിരുന്നു അനധികൃത കച്ചവടം. ഇത് വാർത്തയായതോടെ അധികൃതർ ഇടപെട്ട് കച്ചവടക്കാരെ പുറത്താക്കി. ഇപ്പോൾ ഗേറ്റിന് പുറത്താണ് കച്ചവടമെങ്കിലും നടപ്പാതകളിലെല്ലാം ഇവരുടെ ആധിപത്യമാണ് . ആശുപത്രി അധികൃതരുടെ അനുമതി ഉണ്ടെന്നാണ് ഇവർ അവകാശപ്പെടുന്നത്. എന്നാൽ ഔദ്യോഗികമായി യാതൊരു അനുമതിയും അധികൃതർ ഇതുവരെ നൽകിയിട്ടില്ല.
ആശുപത്രിയിലേക്കുള്ള പ്രധാന റോഡിന് വീതി കുറവായതിനാൽ ഗതാഗതത്തിരക്ക് കൂടുതലാണ്. ഇതിന് പുറമേ തെരുവോരക്കച്ചവടവും കൂടിയാകുമ്പോൾ സ്ഥിതിഗതി രൂക്ഷമാകും. ഇവിടത്തെ വിവിധ ആശുപത്രികളിലേക്കുള്ള രോഗികളുമായി ഇടയ്ക്കിടെ ആംബുലൻസുകളും എത്തും.ഇവയുടെ സുഗമമായ കടന്നുപോക്കിനും പ്രതിസന്ധിയുണ്ടാക്കുകയാണ് . രാത്രിയിൽ എൽ.ഇ.ഡി ലൈറ്റുകളുടെ വെളിച്ചത്തിലാണ് കച്ചവടം.
വിഷയത്തിൽ പൊലീസ്, ആശുപത്രി വികസന സമിതി, നഗരസഭ എന്നിവയൊന്നും നടപടി സ്വീകരിക്കാറില്ല. പൊലീസിന്റെയും നഗരസഭയുടെയും മൗനാനുവാദം തെരുവോരക്കച്ചവടക്കാർക്ക് ഉണ്ടെന്നാണ് ആക്ഷേപം. നിലവിൽ ആശുപത്രി അധികൃതരാവട്ടെ , കച്ചവടം പുറത്താണെന്നതിനാൽ പൊലീസാണ് നടപടി എടുക്കേണ്ടതെന്ന നിലപാടിലാണ്.