kollam-thulasi

കൊല്ലം: മല ചവിട്ടുന്ന യുവതികളെ രണ്ടായി വലിച്ചുകീറണമെന്ന വിവാദ പ്രസംഗത്തിലൂടെ പ്രതിരോധത്തിലായ കൊല്ലം തുളസി ചവറയിലെ ബി.ജെ.പി വേദി പങ്കിട്ടത് പാർട്ടിയുടെ ജില്ലാ സമിതിയിൽ ചൂടേറിയ വാദപ്രതിവാദങ്ങൾക്ക് കാരണമാക്കും. ചവറയിലെ വേദിയിലേക്ക് അദ്ദേഹത്തെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നതായി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ് സമ്മതിക്കുന്നു. ബി.ജെ.പി അംഗമെന്ന നിലയിലോ സംഘ പരിവാർ പ്രസ്ഥാനങ്ങളുടെ ഭാരവാഹി എന്ന അർത്ഥത്തിലോ അല്ല ക്ഷണിച്ചത്. മറിച്ച് വിശ്വാസി എന്ന അർത്ഥത്തിലാണ് ക്ഷണിച്ചതെന്നും അദ്ദേഹം പറയുന്നു. എന്നാൽ വിവാദ പ്രസംഗത്തിലൂടെ ശബരിമല സംരക്ഷണ പോരാട്ടങ്ങൾക്ക് അദ്ദേഹം ക്ഷീണമുണ്ടാക്കിയെന്നും ഗോപിനാഥ് സമ്മതിക്കുന്നു. തുടർന്ന് ബി.ജെ.പിയുമായി അദ്ദേഹത്തെ ഏതെങ്കിലും തരത്തിൽ സഹകരിപ്പിക്കണമെങ്കിൽ അത് സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെ മാത്രമെ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കൊല്ലം തുളസിയെ ചവറയിലെ പരിപാടിക്ക് ക്ഷണിച്ചിരുന്നില്ലെന്നും ബി.ജെ.പി യുടെ ജില്ലയിലെ ഒരു ഭാരവാഹിയുമായി ബന്ധപ്പെട്ടാണ് അദ്ദേഹം എത്തിയതെന്നും ബി.ജെ.പി നേതാക്കൾ കുറ്റപ്പെടുത്തുന്നു.