നിലയ്ക്കൽ: ശബരിമലയിൽ ആചാരാനുഷ്ഠാനങ്ങൾ തകർക്കാൻ സി.പി.എം നേതൃത്വം നൽകുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജന. സെക്രട്ടറി കെ.സുരേന്ദ്രൻ പറഞ്ഞു. ശബരിമലയിലേക്ക് നിർബന്ധിച്ച് യുവതികളെ എത്തിക്കില്ലെന്ന് പറഞ്ഞ സി.പി.എം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ഉപയോഗിച്ച് യുവതികളായ ഉദ്യോഗസ്ഥരെ ശബരിമലയിൽ എത്തിച്ചു. ഇതിന് വലിയ വിലകൊടുക്കേണ്ടി വരും. ആചാരങ്ങളും വിശ്വാസങ്ങളും തകർക്കാനുള്ള നീക്കമാണ് ഇതിന് പിന്നിൽ.
പൊലീസിനെ ഉപയോഗിച്ച് വൻ തോതിൽ യുവതികളെ സന്നിധാനത്ത് എത്തിക്കാനാണ് സി.പി.എം നീക്കം നടത്തുന്നത്.
ഹിന്ദു സംഘടനാ നേതാക്കളെ സമവായ ചർച്ചയ്ക്ക് വിളിച്ച് അപമാനിക്കുകയാണ് ചെയ്തത്. നിലയ്ക്കലിൽ സമാധാനപരമായി സമരം ചെയ്ത ആദിവാസി സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജ് ക്രൂരമായ നടപടിയാണ്. പൊലീസിനെ ഉപയോഗിച്ച് ഹൈന്ദവ വിശ്വാസികളെ അടിച്ചമർത്താനാണ് ശ്രമമെങ്കിൽ ഇതിനെ നേരിടുകതന്നെ ചെയ്യും. നിലയ്ക്കൽ സമരം സംസ്ഥാന വ്യാപകമാക്കും. മാലയിട്ടെത്തുന്ന യുവതികളെ എല്ലായിടത്തും തടയും. അവിടം സമരഭൂമിയാക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.