പയ്യന്നൂർ: ദേശീയപാതയിൽ എടാട്ട് ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് തൃശൂർ ചാലക്കുടി സ്വദേശിയും മൂന്ന് കുട്ടികളും മരിച്ചു. ഇന്ന് പുലർച്ചെ 4.15 ഓടെ എടാട്ട് സെൻട്രൽ സ്‌കൂളിന് സമീപമായിരുന്നു അപകടം. ചാലക്കുടിയിൽ നിന്നും കൊല്ലൂർ ശ്രീ മൂകാംബികാക്ഷേത്ര ദർശനത്തിന് പുറപ്പെട്ട കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
കാർ ഓടിച്ചിരുന്ന ബിന്ദുലാൽ ശ്രീധരൻ (55), ബിന്ദുലാലിന്റെ മകൾ ദിയ (11), ബിന്ദുലാലിന്റെ സഹോദരി ബിന്ദിതയുടെ മക്കളായ അരുൺ (15), ഐശ്വര്യ (12) എന്നിവരാണ് മരിച്ചത്.
ഗുരുതര പരിക്കേറ്റ ബിന്ദുലാലിന്റെ മാതാവ് പത്മാവതി, ഭാര്യ അനിത, മകൾ നിയ, സഹോദരി ബിന്ദിത എന്നിവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മംഗലാപുരത്ത് നിന്ന് തൃശൂരിലേക്ക് ഡീസലുമായി പോവുകയായിരുന്ന ടാങ്കർ ലോറിയും കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. ഇടിയുടെ ശബ്ദംകേട്ട് പരിസരവാസികൾ ഓടിയെത്തിയാണ് തകർന്ന കാറിനകത്ത് നിന്ന് ആളുകളെ പുറത്തെടുത്തത്. വിവരമറിഞ്ഞ് പയ്യന്നൂർ പൊലീസും സ്ഥലത്തെത്തി.
കാറോടിച്ചിരുന്ന ബിന്ദുലാൽ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. മറ്റ് മൂന്നുപേർ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടവിവരമറിഞ്ഞ് ചാലക്കുടിയിലുള്ള ബന്ധുക്കൾ പയ്യന്നൂരിലേക്ക് പുറപ്പെട്ടു. ഇവരെത്തിയതിന് ശേഷം ഇൻക്വസ്റ്റ് നടപടികളും പോസ്റ്റ്മോർട്ടവും പൂർത്തിയാക്കുമെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ വൈകിട്ടോടെയാണ് ബിന്ദുലാലും കുടുംബവും കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിൽ പങ്കെടുക്കുന്നതിനായി പുറപ്പെട്ടത്. ടാങ്കർ ലോറി ഡ്രൈവർ മംഗളൂരു സ്വദേശി രവീന്ദ്ര, പയ്യന്നൂർ പൊലീസ് കസ്റ്റഡിയിലാണ്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗത തടസവുമുണ്ടായി. പിന്നീട് ക്രെയിൻ കൊണ്ടുവന്ന് തകർന്ന കാർ എടുത്തു മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.