അടൂർ: മോഷണ വാഹനങ്ങൾ വാങ്ങി വിൽപ്പന നടത്തിയ രണ്ടുപേർ പിടിയിൽ. നെയ്യാറ്റിൻകര തിരുപുറം പുത്തൻ വീട്ടിൽ ബിബു (42), തിരുനെൽവേലി പാളയം കോട്ട ശാന്തിനഗറിൽ മൈക്കിൾ (45) എന്നിവരാണ് അറസ്റ്റിലായത്. വാഹനമോഷണവും ബാങ്ക് കവർച്ചുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ സന്തോഷ് പാസ്ക്കൽ, ശെൽവരാജ് എന്നിവരുടെ സംഘത്തിൽപ്പെട്ടവരാണിവർ എന്ന് പൊലീസ് പറഞ്ഞു. മോഷണ വാഹനങ്ങൾ ആദ്യം ബിബുവിന്റെ അടുത്ത് എത്തിക്കും. അവിടെനിന്ന് നാഗർകോവിലിൽ കൊണ്ടുപോയി മൈക്കിളിന് കൈമാറും. ഇവിടെ വച്ച് പൊളിച്ചുവിൽക്കും. കഴിഞ്ഞ 3 ന് മുഹമ്മ പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ നിന്ന് സന്തോഷ് പാസ്ക്കലും കൂട്ടുകാരനും ചേർന്ന് മോഷ്ടിച്ച മിനി ലോറിയുടെ എൻജിനും ടയറുകളും പ്ലേറ്റ് സെറ്റും ആക്സിലും മൈക്കിളിന്റെ യാർഡിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു. മോഷണ വാഹനങ്ങൾ വാങ്ങി പൊളിച്ചു വിറ്റതിന് ഇരുവർക്കുമെതിരെ തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിൽ കേസുണ്ട്. ഇന്നലെ തിരുവനന്തപുരത്ത് വച്ച് അറസ്റ്റിലായ ഇരുവരെയും അടൂർ കോടതി റിമാൻഡ് ചെയ്തു. നെയ്യാറ്റിൻകരയിൽ ഏഴു മിനി ബസുകളുള്ള പുഞ്ചിരി ട്രാവൽസിന്റെ ഉടമകൂടിയാണ് ബിബു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മോഷ്ടിച്ച നിരവധി വാഹനങ്ങൾ ഇരുവരും ചേർന്ന് വാങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.അടൂർ സി.ഐ ജി സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്. ഐ മാരായ ബി. രമേശൻ, ശ്രീജിത്ത്, രതീഷ് കുമാർ, സിവിൽ പൊലീസ് ഓഫീസർ ഷൈജു, ഷാഡോ ടിം അംഗങ്ങളായ എ. എസ്. ഐ അജി സാമുവൽ, സീനിയർ സിവിൽ പൊലീസ് ഒാഫീസർ വിനോദ് ,അജി, സുജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.