കൊല്ലം: കുടുംബ ഓഹരിയായി സഹോദരങ്ങൾക്ക് കിട്ടിയ വസ്തു മൂത്ത സഹോദരന് കൈമാറുന്നതിന് ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്ര് ഒഴിവാക്കാൻ കൈക്കൂലി ആവശ്യപ്പെട്ട സബ് രജിസ്ട്രാറെ വിജിലൻസ് കെണിയൊരുക്കി പണം വാങ്ങുന്നതിനിടെ പിടികൂടി.
ചിതറ സബ് രജിസ്ട്രാർ തേവലക്കര സ്വദേശി വിനോദിനെയാണ് ഇന്നലെ കൊല്ലം വിജിലൻസ് ഡിവൈ.എസ്.പി അശോക് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സഹോദരങ്ങൾക്ക് തുല്യാവകാശമുള്ള ഭൂമി മൂത്ത സഹോദരന്റെ മകന്റെ അർബുദ ചികിത്സയ്ക്കായി പണയം വച്ച് വായ്പയെടുക്കാൻ ശ്രമിച്ചപ്പോൾ സബ് രജിസ്ട്രാർ മൂത്ത സഹോദരന്റെ പക്കൽ നിന്ന് 2000 രൂപ കൈക്കൂലി വാങ്ങി.
അടുത്ത ഘട്ടത്തിൽ വീണ്ടും കോഴയായി 3000 ആവശ്യപ്പെട്ടതിനെ തുടർന്ന് വിജിലൻസിന് പരാതി നൽകി കുടുക്കുകയായിരുന്നു. വിജിലൻസ് സി.ഐ മാരായ രവികുമാർ, പ്രമോദ് കൃഷ്ണൻ, ഇന്റലിജൻസ് ഓഫീസർ ടി.കെ.സുനികുമാർ, എ.എസ്.ഐ ഫിലിപ്പോസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.