കൊച്ചി: പൊട്ടിത്തെറിയുടെ വക്കിലെത്തി നിൽക്കുന്ന താരസംഘടനയായ അമ്മയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അടിയന്തര എക്സിക്യൂട്ടീവ് കമ്മിറ്റി മൂന്ന് ദിവസത്തിനകം ചേരുമെന്ന് അമ്മ വക്താവും ട്രഷററുമായ ജഗദീഷ്. അമ്മ പ്രസിഡന്റിന്റെ അനുവാദത്തോടെ താൻ ഇറക്കിയ വാർത്താക്കുറിപ്പിനെ കുറിച്ചും അംഗങ്ങൾക്കിടയിലെ അഭിപ്രായ വ്യത്യാസത്തെക്കുറിച്ചും യോഗത്തിൽ ചർച്ചയാകുമെന്ന് അദ്ദേഹം അറിയിച്ചു. അമ്മയിൽ നിന്ന് രാജിവച്ച നടിമാർ മാപ്പ് പറഞ്ഞാൽ മാത്രമെ തിരിച്ചെടുക്കൂവെന്നത് സിദ്ദിഖിന്റെ മാത്രം അഭിപ്രായമാണെന്നും അമ്മയ്ക്ക് അത്തരത്തിലൊരു നിലപാടില്ലെന്നും ജഗദീഷ് വിശദീകരിച്ചു.
മോഹൻലാൽ രാജിവെക്കുമെന്ന തരത്തിൽ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ജഗദീഷ് ഫ്ലാഷിനോട് പറഞ്ഞു. സിനിമ ഉൾപ്പെടെ എല്ലാ മേഖലകളിലും വനിതാ പ്രശ്നപരിഹാര സമിതി (ഐ.സി.സി) ആവശ്യമായ കാലഘട്ടമാണിത്. അതിനെ എതിർക്കാൻ ആർക്കും അവകാശമില്ല. ഐ.സി.സി നടപ്പാക്കുകയെന്നത് ഒരു വ്യക്തിയുടെ ആഗ്രഹത്തിന്റെ പ്രശ്നമല്ലെന്നും നിയമവിധേയമായ കാര്യമാണെന്നും ജഗദീഷ് കൂട്ടിച്ചേർത്തു.