kadakampalli-surendran

ശബരിമല: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയസമരമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സമരത്തെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും ശബരിമല അവകലോകന യോഗത്തിന് ശേഷം മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സുപ്രീം കോടതിയുടെ വിധി നടപ്പാക്കാതിരിക്കാൻ സർക്കാരിനാകില്ല. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് അക്രമം നടത്തുന്നവരെ തിരിച്ചറിഞ്ഞു കഴിഞ്ഞു. വിശ്വാസികളുടെ വികാരത്തെ സർക്കാർ മാനിക്കുന്നുവെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. പ്രതിഷേധങ്ങൾക്ക് എതിരല്ല. എന്നാൽ ഇതിന്റെ എല്ലാം പേരിൽ അക്രമം നടത്തുന്നത് സംഘപരിവാറും ആർ.എസ്.എസുമാണ്. ദേശീയ മാദ്ധ്യമ പ്രവർത്തകരായ പെൺകുട്ടികളെയടക്കം വലിച്ചിറക്കി പ്രാകൃതമായ രീതിയിലാണ് കൈയേറ്റം ചെയ്തത്. ശാന്തമായ അന്തരീക്ഷത്തിൽ തീർത്ഥാടനം നടത്താനുള്ള ഭക്തരുടെ ആവശ്യം നിറവേറ്റുക എന്നതാണ് സർക്കാരിന്റെ കടമ. വിധിയിൽ അഭിപ്രായവ്യത്യാസമുള്ള വിശ്വാസികളെ അനുരഞ്ജനത്തിലൂടെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കും. സുപ്രീംകോടതി വിധി അടിച്ചേൽപ്പിക്കാനല്ല സർക്കാർ ഉദ്ദേശിക്കുന്നത്. എന്നാൽ അക്രമികളെ വേണ്ടവിധത്തിൽ തന്നെ കൈകാര്യം ചെയ്യും.

കോൺഗ്രസും ബിജെപിയും ഇപ്പോൾ നടത്തുന്നത് രാഷ്ട്രീയമായ നീക്കമാണ്. അതിനെ രാഷ്ട്രീയമായി തന്നെ നേരിടും. സുപ്രീംകോടതിവിധി നടപ്പിലാക്കേണ്ട എന്ന് ഒരു കോൺഗ്രസ് നേതാവോ ബി.ജെ.പി നേതാവോ പറഞ്ഞിട്ടില്ല. പ്രായഭേദമന്യേ ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിയുമായി കോടതിയെ സമീപിച്ചത് ആർ.എസ്.എസ് അനുഭാവികളാണ്. 12 വർഷക്കാലം നീണ്ടുനിന്ന നിയമപോരാട്ടത്തിൽ ബി.ജെ.പിയോ കോൺഗ്രസോ കക്ഷി ചേർന്നിരുന്നുമില്ല. ഇവരുടെയെല്ലാം നിലപാട് സ്ത്രീപ്രവേശനം ആകാമെന്നതാണ്. ഇതെല്ലാം ഇപ്പോൾ മറച്ചുവെച്ചാണ് രാഷ്ട്രീയ ലാഭത്തിനുവേണ്ടി സമരത്തിനിറങ്ങിയിരിക്കുന്നത്. എന്നാൽ സർക്കാരിന്റെ അജണ്ട ജനങ്ങൾ മനസിലാക്കി കഴിഞ്ഞു. ഇത് നവോത്ഥാനത്തിലൂടെ മുന്നേറിയ കേരളമാണ്. കേരളം കേരളമായി തന്നെ നിലനിൽക്കുമെന്നും മന്ത്രി പറഞ്ഞു.ഈ സീസണിൽ ശബരിമലയിലെത്തുന്ന യുവതികൾക്ക് സൗകര്യമൊരുക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ ദേവസ്വം ബോർഡിന് നൽകിയിട്ടുണ്ട്. പമ്പയിലും നിലയ്ക്കലിലും ശുചിമുറിയും താമസസൗകര്യവും ഏർപ്പെടുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.