പാട്ന: ലോക്സഭാ തിരഞ്ഞെടുപ്പിനായി ജെ.ഡി.യു കച്ചമുറുക്കുന്നു. 2014ൽ മോദിയെയും 2015 ൽ ബിഹാറിൽ നിതീഷ് കുമാറിനെയും അധികാരത്തിലെത്തിച്ചതിൽ നിർണായക പങ്കുവഹിച്ച ''ഇലക്ഷൻ ഗുരു" പ്രശാന്ത് കിഷോറിനെ ജെ.ഡി.യു വൈസ് പ്രസിഡന്റാക്കി നിയമിച്ചതാണ് ഏറ്റവും പുതിയ നീക്കം. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച വിവരം നിതീഷ് കുമാർ പുറത്തുവിട്ടത്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞനെന്ന് പേരെടുത്ത 41കാരനായ പ്രശാന്തിനെ മുൻനിറുത്തി കരുക്കൾ നീക്കാനാണ് ജെ.ഡി.യുവിന്റെ നീക്കം.
പ്രശാന്താണ് മുന്നോട്ടുള്ള വഴിയെന്നാണ് വൈസ് പ്രസിഡന്റായി നിയമിച്ചതിനുശേഷം നിതീഷ് പാർട്ടി അണികളോട് പറഞ്ഞത്. ഇതുവരെയുണ്ടായിരുന്ന പിന്തുണകൾക്കുപുറമെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പിന്തുണ ഉറപ്പാക്കാൻ പ്രശാന്തിന് കഴിയുമെന്ന് പാർട്ടിവക്താവ് കെ.സി ത്യാഗിയും പ്രതികരിച്ചു. പ്രശാന്ത് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്നും അത് നിതീഷിനൊപ്പമാണെന്നും ഇക്കഴിഞ്ഞ സെപ്തംബറിൽതന്നെ വ്യക്തമായിരുന്നു.പ്രശാന്ത് കിഷോറിന്റെ ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി (ഐ.പി.എ.സി) ആന്ധ്രയിൽ വൈ.എസ് ജഗൻമോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ കോൺഗ്രസിന് വേണ്ടിയും തന്ത്രങ്ങൾ മെനഞ്ഞിരുന്നു.
യു.എൻ സംഘടിപ്പിക്കുന്ന പരിപാടികളിൽ ഹെൽത്ത് എക്സ്പർട്ടായിട്ടായിരുന്നു പ്രശാന്തിന്റെ തുടക്കം. പ്രചാരണ തന്ത്രങ്ങളുടെ ഏകോപനത്തിലും നടത്തിപ്പിലും വിദഗ്ദ്ധനായ പ്രശാന്ത് കിഷോർ, നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 2014ലെ പൊതുതിരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പിക്കു വേണ്ടി തന്ത്രങ്ങൾ മെനഞ്ഞാണ് വാർത്തകളിൽ ഇടംപിടിച്ചത്. വൻവിജയത്തോടെ മോദി സർക്കാർ അധികാരത്തിൽ എത്തിയതോടെ പ്രശാന്ത് കിഷോറിന്റെ ഗ്രാഫും ഉയർന്നു. ബി.ജെ.പിയുടെ വൻ വിജയത്തിനു പിന്നാലെ പാർട്ടി നേതൃത്വവുമായി അകന്ന പ്രശാന്തിനെ രണ്ടുകൈയും നീട്ടി സ്വീകരിച്ച നിതീഷ് കുമാർ, 2015ൽ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാസഖ്യത്തിനു വേണ്ടി തന്ത്രങ്ങൾ മെനയാൻ നിയോഗിച്ചു. ബി.ജെ.പിയെ തോൽപിച്ച് മഹാസഖ്യം ഭരണത്തിലേറിയതോടെയാണ് പ്രശാന്ത് തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ രാജകുമാരനായി അറിയപ്പെട്ട് തുടങ്ങിയത്.
പക്ഷേ, യു.പിയിൽ കോൺഗ്രസിന്റെ പടയ്ക്കു നേതൃത്വം കൊടുത്ത പ്രശാന്തിന് കാലിടറിയതോടെ അദ്ദേഹത്തിന്റെ ശോഭ തെല്ലൊന്നു കുറഞ്ഞിരുന്നു. എന്നാൽ പ്രശാന്തിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പ്രചാരണ തന്ത്രങ്ങൾ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അധികാരത്തിലെത്തിക്കുകയും ചെയ്തു. ഇനി ജെ.ഡി.യു നേതൃത്വത്തിലിരുന്ന് പാർട്ടിയെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ ദൗത്യം.