തിരുവനന്തപുരം: തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കുമ്പോൾ നിലയ്ക്കൽ- പമ്പ റൂട്ടിൽ കൂടുതൽ സർവീസ് നടത്താൻ കെ.എസ്.ആർ.ടി.സി. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് മറ്റ് വാഹനങ്ങളൊന്നും കടത്തിവിടാത്തതിനാൽ കെ.എസ്.ആർ.ടി.സി ബസുകൾ മാത്രമാണ് ആശ്രയം. ഇത് കണക്കിലെടുത്താണ് കൂടുതൽ ബസുകൾ എത്തിക്കുക. വിവിധ ഡിപ്പോകളിൽ നിന്നുള്ള സർവീസുകൾക്ക് പുറമേ മുപ്പതോളം ബസുകളും നിലയ്ക്കലിൽ അധികമായി ഏർപ്പെടുത്തും. ഭക്തരുടെ എണ്ണത്തിന് അനുസരിച്ച് സർവീസുകൾ ക്രമീകരിക്കും. ഇന്ന് വൈകിട്ടോടെ സർവീസുകൾ തുടങ്ങും. ഒാർഡിനറി ബസുകളാണ് ചെയിൻ സർവീസ് നടത്തുക. ടിക്കറ്റ് നിരക്കിൽ മാറ്റമുണ്ടാകില്ല. പമ്പ ഡിപ്പോ കേന്ദ്രീകരിച്ചാണ് സർവീസുകളുടെ ഏകോപനം. ഇവിടെ രണ്ട് കൺട്രോളിംഗ് ഇൻസ്പെക്ടർമാരെ നിയമിക്കും. നിലയ്ക്കലിൽ താത്കാലിക ഡിപ്പോ ഒരുക്കും.ഒരു കൺട്രോളിംഗ് ഇൻസ്‌പെക്ടർ ഇവിടെയും ഉണ്ടാകും. നാളെ മുതൽ നട അടയ്ക്കുന്ന തിങ്കളാഴ്ച വരെയാകും സർവീസ്.
മണ്ഡലകാലത്തിന് സമാനമായ തിരക്ക് ഉണ്ടാകില്ലെന്നതിനാൽ വിപുലമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തില്ല. പത്തനംതിട്ട, ചെങ്ങന്നൂർ ഡിപ്പോകളിൽ ആവശ്യത്തിന് ബസുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഭക്തരുടെ എണ്ണം കൂടുകയാണെങ്കിൽ ഇവ സർവീസിന് എത്തിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പത്തനംതിട്ട ഡിപ്പോ വഴി പമ്പയിലേക്ക് സർവീസുകൾ നടത്തുമെന്നും അധികൃതർ അറിയിച്ചു. രാവിലെ 6.50, 9.15, 9.50, 10.30, 11.15, ഉച്ചയ്ക്ക് 2.40, വൈകിട്ട് 6.40 എന്നീ സമയങ്ങളിലാണ് ഇൗ സർവീസുകൾ. ഫാസ്റ്ര് പാസഞ്ചറുകളാണ് ഇവ. ഇതിൽ ഉച്ചയ്ക്കുള്ള സർവീസ് മാത്രം പത്തനംതിട്ട ഡിപ്പോയിൽ നിന്നാകും പുറപ്പെടുക. ഇലക്ട്രിക് ബസുകൾ മണ്ഡലകാലം തുടങ്ങുമ്പോൾ എത്തിക്കാനാണ് കെ.എസ്.ആർ.ടി.സി ശ്രമം.