women-police-

തിരുവനന്തപുരം: പ്രതിമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് തുറക്കാനിരിക്കെ ദർശനത്തിനെത്തുന്നവരെ തടയാനുള്ള ശ്രമങ്ങൾ ഒരുതരത്തിലും അനുവദിക്കില്ലെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ടി.നാരായണൻ വ്യക്തമാക്കി . വിശ്വാസികൾക്ക് ദർശനം നടത്തി മടങ്ങാനാവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. നിയമം കൈയിലെടുക്കാനും സംഘർഷം സൃഷ്ടിക്കാനും ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം കേരള കൗമുദി ഫ്ളാഷിനോട് പറഞ്ഞു. . സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയെത്തുടർന്ന് നിലയ്ക്കലും മറ്റും ബസുകൾ തടയുകയും സ്ത്രീകളെ ഇറക്കിവിടുകയും ചെയ്ത സാഹചര്യത്തിൽ നിലയ്ക്കൽ , പമ്പ എന്നിവിടങ്ങളിൽ രണ്ട് ബറ്റാലിയൻ വനിതാ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരു പ്രകോപനവുമുണ്ടാകില്ലെന്നും എന്നാൽ സംഘർഷം സൃഷ്ടിക്കാനുളള നീക്കം ആരുടെ ഭാഗത്തുനിന്നുണ്ടായാലും കർശനമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. . പമ്പയിലും നിലയ്ക്കലും ശക്തമായ പൊലീസ് ബന്തവസ് ക്രമീകരിക്കും. സന്നിധാനത്ത് തൽക്കാലം വനിതാ പൊലീസിനെ വിന്യസിക്കാൻ ഉദ്ദേശിച്ചിട്ടില്ല. സ്ത്രീപ്രവേശനത്തിനെതിരായ പ്രതിഷേധം കണക്കിലെടുത്ത് പമ്പയിലും സന്നിധാനത്തും പതിവ് പ്രതിമാസ പൂജകളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഒരു എസ്.പിയുടെ മേൽനോട്ടത്തിൽ രണ്ട് ഡിവൈ.എസ്.പിമാരുടെയും ഒരു വനിതാ എസ്. പിയുടെയും മേൽനോട്ടത്തിലാണ് നിലയ്ക്കലെ പൊലീസ് വിന്യാസം.

നിലയ്ക്കൽ, പമ്പ, എന്നിവിടങ്ങളിലും റോഡിലുമായി അഞ്ഞൂറോളം വനിതാ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്..പത്തനംതിട്ട ബസ് സ്റ്റേഷൻ, പത്തനംതിട്ട ടൗൺ, റാന്നി, വടശേരിക്കര, എരുമേലി , ളാഹ എന്നിവിടങ്ങളിലെല്ലാം പൊലീസ് നിരീക്ഷണം ശക്തമാക്കും. നിലയ്ക്കൽ വരെ മാത്രമാണ് വാഹനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി സർവ്വീസുണ്ടാകും. ഇരുചക്രവാഹനങ്ങളോ ആട്ടോറിക്ഷകളോ കടത്തിവിടില്ല. നിലയ്ക്കലെ സമരസ്ഥലത്ത് പൊലീസ് വിന്യാസം ശക്തമാക്കുന്നതിനൊപ്പം കൂടുതൽ പ്രതിഷേധക്കാർ ഇവിടേക്ക് കടന്നുവരുന്നത് തടയാനും പൊലീസ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആവശ്യമെന്ന് കണ്ടാൽ മറ്ര് ജില്ലകളിൽ നിന്ന് കൂടുതൽ പൊലീസെത്തും. പമ്പ മുതൽ സന്നിധാനം വരെ ഫുട് പട്രോളിംഗിന് പുറമേ പ്രധാന പോയിന്റുകളിലെല്ലാം പിക്കറ്രും ക്രമീകരിക്കും. വനത്തിനുള്ളിലേക്കുള്ള ഇടവഴികളിലെല്ലാം പൊലീസ് ബന്തവസ് ഏർപ്പെടുത്തിയിട്ടുണ്ട്. പമ്പയിലെ ഗാർഡ് റൂമിൽ കൂടുതൽ വനിതാ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. കെ.എ.പി തേഡ് ബറ്റാലിയൻകാർക്കാണ് സന്നിധാനത്തെ സുരക്ഷാ ചുമതല. ബറ്റാലിയൻ കമാൻഡന്റിന് പുറമേ എസ്.പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനും സന്നിധാനത്ത് ക്രമസമാധാന പാലനത്തിന് നേതൃത്വം നൽകും. എ.ഡി.ജി.പി അനിൽകാന്ത്, റേഞ്ച് ഐ.ജി മനോജ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ ഉന്നത പൊലീസുദ്യോഗസ്ഥർ യോഗം ചേ‌ർന്ന് ക്രമസമാധാന സാഹചര്യം വിലയിരുത്തിയിരുന്നു.