ന്യൂഡൽഹി : വിദേശകാര്യ സഹമന്ത്രി എം. ജെ. അക്ബറിനെതിരെ ലൈംഗികാരോപണമുന്നയിച്ച പ്രിയാരമണിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇരുപത് മാദ്ധ്യമ പ്രവർത്തകർ രംഗത്ത്. 'ദ ഏഷ്യൻ ഏജ്' പത്രത്തിലെ മീനൽ ഭാഗൽ, മനീഷ പാണ്ഡെ, തുഷിത പട്ടേൽ, കനിക ഗലോട്ട്, ഐഷ ഖാൻ, സുപർണ ശർമ, രമോള തൽവാർ ബാദം, ഹോയിനു ഹോസൽ, കുശാൽറാണി ഗുലാഭ്, കനിക ഗസാരി, മാളവിക ബാനർജി, എ.ടി. ജയന്തി, ഹമിദ പർക്കർ, ജോനാലി ബുറാഗോഹെയിൻ, മീനാക്ഷി കുമാർ, സുജാത ദത്ത സച്ച്ദേവ, കിരൺ മൺറാൽ, രേശ്മി ചക്രബർത്തി, സഞ്ജാരി ചാറ്റർജി എന്നിവരും ഡെക്കാൻ ക്രോണിക്കിളിലെ ക്രിസ്റ്റിന ഫ്രാൻസിസ് എന്നിവരുമാണ് പിന്തുണയുമായി രംഗത്തെത്തിയത്. അക്ബറിനെതിരെ സാക്ഷി പറയാൻ തയ്യാറാണെന്ന് ഇവർ സംയുക്തമായി പ്രസ്താവനയിൽ അറിയിച്ചു.
എം. ജെ.അക്ബർ എന്ന വ്യക്തി കാരണം ഞങ്ങൾ നിരവധി പേർക്ക് ലൈംഗികാധിക്ഷേപം നേരിട്ടിട്ടുണ്ട്. അക്ബറിന്റെ മാനനഷ്ടക്കേസ് പരിഗണിക്കുന്ന കോടതി ഞങ്ങൾക്ക് പറയാനുള്ളത് കൂടി കേൾക്കണം. രമണി അവർക്കുണ്ടായ മോശം അനുഭവത്തിനു പുറമേ സമൂഹത്തിൽ നില നിൽക്കുന്ന ആൺമേധാവിത്തത്തേയും ലൈംഗിക വേട്ടയാടലുകളെയുമാണ് ലോകത്തോട് വിളിച്ച് പറഞ്ഞതെന്നും വനിതാ മാദ്ധ്യമ പ്രവർത്തകർ പ്രസ്താവനയിൽ പറഞ്ഞു.
'ദ ഏഷ്യൻ ഏജ്' സ്ഥാപക പത്രാധിപർ കൂടിയായ എം. ജെ. അക്ബറിനെതിരെ മീ ടൂ ക്യാമ്പയിന്റെ ഭാഗമായി നിരവധി ആരോപണങ്ങളുയർന്നിരുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ച അക്ബർ പ്രിയാരമണിക്കെതിരെ മാനനഷ്ടക്കേസ് നൽകുകയായിരുന്നു.