pinarayi

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ ധനസമാഹരണത്തിന് നിശ്ചയിച്ച മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ച സാഹചര്യത്തിൽ തുടർനടപടികളെന്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യു.എ.ഇയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം തീരുമാനിക്കും. ഇന്ന് പുലർച്ചെ യു.എ.ഇയിലേക്ക് പുറപ്പെട്ട മുഖ്യമന്ത്രി ഫണ്ട് സ്വരൂപിക്കൽ പര്യടനം പൂർത്തിയാക്കി 21നാണ് മടങ്ങിയെത്തുക.തൽക്കാലത്തേക്കെങ്കിലും മന്ത്രിമാരുടെ യാത്രാപരിപാടി റദ്ദായിരിക്കുകയാണ്. ഇനിയും കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തിയാൽ പ്രയോജനമുണ്ടാകുമോ, വിദേശസംഘടനകൾക്ക് വീണ്ടും സജ്ജീകരണങ്ങളൊരുക്കാൻ ബുദ്ധിമുട്ട് വരുമോ എന്നതടക്കമുള്ള കാര്യങ്ങളെല്ലാം മടങ്ങിയെത്തിയ ശേഷം ആലോചിക്കാമെന്നാണ് മന്ത്രിമാരെ മുഖ്യമന്ത്രി അറിയിച്ചിട്ടുള്ളത്. മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് അനുമതി നിഷേധിച്ചാലും തൽക്കാലം കേന്ദ്രത്തിനെതിരായ വികാരം ഔദ്യോഗികതലത്തിൽ പ്രകടിപ്പിക്കേണ്ടെന്നാണ് സർക്കാരിന്റെ നിലപാടെന്ന് സൂചനയുണ്ട്. കാരണം കേരളത്തിന്റെ പുനർനിർമ്മാണത്തിനുള്ള കേന്ദ്രസഹായം പൂർണതോതിൽ ഇനിയും ലഭിക്കേണ്ടതുണ്ട്.

പ്രധാനമന്ത്രി നേരിട്ട് സമ്മതിച്ച സ്ഥിതിക്ക് കുറച്ച് മന്ത്രിമാർക്കെങ്കിലും വിദേശയാത്രയ്ക്ക് അനുമതി കിട്ടുമെന്നാണ് മുഖ്യമന്ത്രി അവസാനനിമിഷം വരെയും പ്രതീക്ഷിച്ചത്. എന്നാൽ, ചൊവ്വാഴ്ച സന്ധ്യയോടെ അനുമതിയില്ലെന്ന് വാക്കാൽ വിദേശമന്ത്രാലയം അധികൃതർ ചീഫ്സെക്രട്ടറിയെ അറിയിക്കുകയായിരുന്നു. വിദേശ രാജ്യങ്ങളിൽ നിശ്ചയിച്ച മലയാളി സംഗമങ്ങളും ഇതോടെ റദ്ദാക്കി. വിദേശയാത്ര വഴി 5000 കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടത്. മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് നിബന്ധനകളോടെ പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നൽകിയിരുന്നു.

മുഖ്യമന്ത്രി യു.എ.ഇയിൽ
ഇന്ന് രാവിലെ ഏഴ് മണിയോടെ അബുദാബി വിമാനത്താവളത്തിൽ എത്തിയ പിണറായി വിജയനെ നോർക്കാ റൂട്ട്സ് വൈസ് ചെയർമാൻ എം.എ.യൂസഫലി. നോർക്ക ഡയറക്ടർ ഡോക്ടർ ആസാദ് മൂപ്പൻ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. അബുദാബി ദൂസിത് താനി ഹോട്ടലിൽ മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ്, നോർക്ക ഡയറക്ടർ ഒ.വി.മുസ്തഫ, ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് രമേഷ് വി. പണിക്കർ,​ അബുദാബിയിലെ ഇന്ത്യൻ എംബസി പ്രതിനിധികൾ, ലോക കേരള സഭാംഗം കെ.ബി.മുരളി, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ.കെ ബീരാൻകുട്ടി എന്നിവരും മുഖ്യമന്ത്രിയെ സ്വീകരിക്കാൻ എത്തിയിരുന്നു.

ഇന്നും നാളെയും അബുദാബിയിലെ പൊതുപരിപാടികളിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംബന്ധിക്കും. പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർനിർമാണത്തിന് പ്രവാസി മലയാളികളുടെ സഹകരണം തേടുകയാണ് മുഖ്യമന്ത്രിയുടെ സന്ദർശന ലക്ഷ്യം. ഇന്ന് വൈകിട്ട് ദൂസിത് താനി ഹോട്ടലിൽ ഇന്ത്യൻ ബിസിനസ് പ്രഫഷണൽ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യവസായ പ്രമുഖരുമായി സംവദിക്കും. വ്യാഴാഴ്ച വൈകിട്ട് എട്ടുമണിക്ക് അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും . യു.എ.ഇ സഹിഷ്ണുത വകുപ്പ് മന്ത്രി ഷെയ്ഖ് നഹിയാൻ ബിൻ മുബാറക് അൽ നഹിയാൻ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച ദുബായിലും ശനിയാഴ്ച ഷാർജയിലുമാണ് മുഖ്യമന്ത്രിയുടെ പൊതുപരിപാടികൾ.