തിരുവനന്തപുരം: ഗുണമേന്മാ നിയന്ത്രണ സംവിധാനം വിജയകരമായി നടപ്പാക്കിയതിന് പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ ടൈറ്രാനിയം പ്രോഡക്‌ട്‌സ് ലിമിറ്റഡിന് ഐ.എസ്.ഒ 9001:2015 അംഗീകാരം. ദീർഘകാലമായി മുടങ്ങിക്കിടന്ന മലിനീകരണ നിവാരണ പദ്ധതികൾ ഇപ്പോൾ ട്രാവൻകൂർ ടൈറ്റാനിയത്തിൽ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
ഒന്നാംഘട്ട പദ്ധതിയായ ന്യൂട്രലൈസേഷൻ പ്ലാന്റ് വിജയകരമായി പൂർത്തീകരിച്ചതിനാൽ, പ്രതിദിനം 45 മെട്രിക് ടൺ വരെ ഉത്‌പാദിപ്പിക്കാൻ അഞ്ച് വർഷക്കാലയളവിലേക്കുള്ള പ്രവർത്തനാനുമതി മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഉത്‌പാദനക്ഷമത വർദ്ധിപ്പിച്ചും മിതവ്യയം പാലിച്ചും ചെലവ് ഗണ്യമായി കുറയ്‌ക്കാനും സാധിച്ചു. മൂല്യവർദ്ധിത ഉത്‌പന്നങ്ങളായ ഫൈബർ ഗ്രേഡ് പിഗ്‌മെന്റ്, ഫാർമ ഗ്രേഡ്, കാറ്റലിക് ഗ്രേഡ്, അയൺ ഓക്‌സൈഡ് തുടങ്ങിയവ ഉടൻ വിപണിയിൽ എത്തിക്കാനുള്ള തയ്യാറെടുപ്പും നടക്കുന്നു.
ഫൈബർ ഗ്രേഡിന്റെ ഉത്‌പാദനത്തിനായി 10 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പുതിയ പ്ളാന്റ് 2020ഓടെ സജ്ജമാകും. കോപ്പേറാസ് പ്ളാന്റ് പ്രവർത്തനക്ഷമമാകുന്നതോടെ, ടി.ടി.പിയുടെ പ്രധാന ഉത്‌പന്നം അന്താരാഷ്‌ട്ര കമ്പോളത്തിൽ മികച്ച നിലവാരത്തിലുള്ള ഉത്‌പന്നമായി മാറും. ഉത്‌പാദന പ്രക്രിയയ്ക്ക് പ്രകൃതിവാതകം (എൽ.എൻ.ജി) ഇന്ധനമായി ഉപയോഗിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
കഴിഞ്ഞ സാമ്പത്തികവർഷം 18 കോടി രൂപയുടെ ലാഭമാണ് ട്രാവൻകൂർ ടൈറ്റാനിയം നേടിയത്. നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ പകുതിയിൽ തന്നെ 15 കോടി രൂപയുടെ ലാഭം കമ്പനി നേടിക്കഴിഞ്ഞു. പ്ലാന്റിന്റെ കപ്പാസിറ്റി യൂട്ടിലൈസേഷൻ 100 ശതമാനം കൈവരിക്കാനും അഞ്ച് വർഷത്തിനകം വിറ്റുവരവ് 350 കോടി രൂപയിൽ എത്തിക്കാനുമുള്ള നടപടികളും പുരോഗമിക്കുകയാണ്.
ഫോട്ടോ:
ട്രാവൻകൂർ ടൈറ്രാനിയം പ്രോഡക്‌ട്‌സ് (ടി.ടി.പി) ലിമിറ്റഡിന് ലഭിച്ച ഐ.എസ്.ഒ 9001:2015 സർട്ടിഫിക്കേഷൻ മന്ത്രി ഇ.പി. ജയരാജൻ ടി.ടി.പി ചെയർമാൻ അഡ്വ. എ.എ. റഷീദിന് കൈമാറുന്നു. മാനേജിംഗ് ഡയറക്‌ടർ ജോർജ്ജീ നൈനാൻ, ഡി.ജി.എം എൻ. ശശികുമാരൻ തമ്പനി, ടി.ജി.എൽ.യു ജനറൽ സെക്രട്ടറി ക്ലൈനസ് റൊസാരിയോ, ടി.പി.എൽ.യു ജനറൽ സെക്രട്ടറി എം.ജെ. തോമസ്, ടി.ഇ.സി.സി ജനറൽ സെക്രട്ടറി സി.എസ്. പ്രസന്നകുമാർ, ടി.ഒ.എ സെക്രട്ടറി വി. ബിനുരാജ്, എൻ. അനിൽകുമാർ, ലെയ്‌സൺ ഓഫീസർ എസ്. സുരേഷ് കുമാർ എന്നിവർ സമീപം.