തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിധിയുടെ പേരിൽ വിശ്വാസികളെ ഇളക്കിവിട്ട് സംസ്ഥാനത്ത് കലാപത്തിന് യു.ഡി.എഫും ബി.ജെ.പിയും ആസൂത്രിതനീക്കം നടത്തുകയാണെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ പ്രസ്താവനയിൽ പറഞ്ഞു.
വിശ്വാസികളെ തടഞ്ഞും ആക്രമിച്ചും സംഘർഷം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പിനാണ് ഇരുകൂട്ടരുടെയും ശ്രമം. ശബരിമലയെ കലാപഭൂമിയാക്കാനുള്ള നീക്കമാണ് നിലയ്ക്കലിലും പമ്പയിലും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. നിയമവാഴ്ച തകർത്ത് കലാപമുണ്ടാക്കാനുള്ള ശ്രമത്തിനെതിരെ ജനാധിപത്യവിശ്വാസികളും യഥാർത്ഥ വിശ്വാസികളും മുന്നിട്ടിറങ്ങണം. വിശ്വാസികളെ തടഞ്ഞ് ആക്രമിക്കുന്നത് ഏത് ആചാരമര്യാദകളുടെ പേരിലാണ്? സ്ത്രീകളെ ബഹുമാനിക്കുന്ന മഹത്തായ പാരമ്പര്യമുള്ള നാട്ടിലാണിത് നടക്കുന്നത്. ഇത്തരം അക്രമങ്ങൾക്കെതിരെ ശക്തമായ നടപടി വേണം.
കോൺഗ്രസിന്റെ പാരമ്പര്യം ആർ.എസ്.എസിന് അടിയറ വച്ചു. വർഗീയത ആളിക്കത്തിക്കാൻ ഇരുകൂട്ടരും കൈകോർത്ത് നീങ്ങുന്നു. എൽ.ഡി.എഫ് ഒരു വിശ്വാസത്തിനുമെതിരല്ല. വിശ്വാസത്തിന്റെ പേരിൽ സ്ത്രീകളെ എവിടെയും മാറ്റിനിറുത്തരുതെന്ന ഉറച്ച അഭിപ്രായമാണ് മുന്നണിക്കും സർക്കാരിനും. സുപ്രിംകോടതി വിധിയോട് വിയോജിപ്പുള്ള നിരവധി പേർ ഇതിനകം റിവ്യൂ ഹർജികൾ നൽകി. വിധി നടപ്പാക്കുകയെന്ന ഭരണഘടനാപരമായ ബാദ്ധ്യതയും ഉത്തരവാദിത്വവും സർക്കാരിനുണ്ട്. നിയമവാഴ്ചയുള്ള ഒരു സംസ്ഥാനത്തെ സർക്കാരിന് അതേ സാദ്ധ്യമാവൂ. ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും ലക്ഷ്യം ഭരണഘടന തകർക്കലാണ്. അതിന് ഒത്താശ ചെയ്യുന്ന കോൺഗ്രസ് ഭരണഘടനയെ വെല്ലുവിളിക്കുകയാണ്. സുപ്രിംകോടതി വിധിയോട് വിയോജിപ്പുണ്ടെങ്കിൽ നിയമനിർമ്മാണത്തിന് കേന്ദ്രസർക്കാരിനെ പ്രേരിപ്പിക്കുകയാണ് ബി.ജെ.പിയും കോൺഗ്രസും ചെയ്യേണ്ടത്. അല്ലാതെ കേരളത്തിലെ ജനങ്ങളുടെ സ്വൈരജീവിതം തകർക്കുകയല്ലെന്നും എ.വിജയരാഘവൻ ചൂണ്ടിക്കാട്ടി.