saritha-pooja

പത്തനംതിട്ട: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകർക്ക് നേരെയും സമരക്കാരുടെ അക്രമം. ദ ന്യൂസ് മിനിട്ട് ഓൺലൈനിന്റെ കേരളത്തിലെ റിപ്പോർട്ടർ സരിത എസ്.ബാലനും റിപ്പബ്ളിക് ചാനലിന്റെ തെന്നിന്ത്യൻ ബ്യൂറോ ചീഫ് പൂജ പ്രസന്നയ്ക്കും നേരെയാണ് ആക്രമണം ഉണ്ടായത്. രാവിലെ മാതൃഭൂമി ന്യൂസിന്റെ കാമറമാന് നേരെയും ആക്രമണം ഉണ്ടായിരുന്നു.

ഉച്ചയ്ക്ക് 12 മണിയോടെയാണ് റിപ്പബ്ളിക് ചാനലിന് നേരെ ആക്രമണമുണ്ടായത്. ചാനൽ സംഘം സഞ്ചരിച്ചിരുന്ന കാർ സമരക്കാർ അടിച്ചു തകർത്തു. പൂജ പ്രസന്ന കാറിലുണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം. പൊലീസെത്തിയാണ് മാദ്ധ്യമപ്രവർത്തകരെ രക്ഷിച്ചത്. തിരുവനന്തപുരത്ത് നിന്ന് പന്പയിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് നിലയ്ക്കൽ എത്തിയപ്പോഴാണ് സരിതയെ ബസിൽ നിന്ന് ഇറക്കിവിട്ടത്. ബസ് നിലയ്ക്കൽ എത്തിയപ്പോൾ ഇരുപതോളം വരുന്ന കർമസമിതി പ്രവർത്തകർ സരിതയെ ബസിൽ നിന്ന് പിടിച്ചിറക്കാൻ ശ്രമിക്കുകയായിരുന്നു. സരിതയെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായും ആരോപണമുണ്ട്. സരിതയ്ക്കു നേരെ വെള്ളക്കുപ്പി വലിച്ചെറിയാൻ സ്ത്രീ ശ്രമിക്കുകയും ചെയ്തു. റിപ്പോർട്ടർ ചാനലിന്റെ കാമറ തകർത്തു. ആജ് തക്ക് ടി.വിയുടെ വനിതാ റിപ്പോർട്ടർക്ക് നേരെ കല്ലേറുണ്ടായി.

സംഘർഷ സാധ്യത കണക്കിലെടുത്ത് രാവിലെ ഇവിടെ പൊലീസ് സന്നാഹം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് കൂടുതൽ ആളുകൾ ഇവിടേക്ക് എത്തിയതോടെ സ്ഥിതിഗതികൾ നിയന്ത്രണാതീതമാകുകയായിരുന്നു. നിലവിൽ നിലയ്ക്കലിൽ നിന്നും രണ്ട് കിലോമീറ്റർ മാറിയാണ് പ്രതിഷേധക്കാർ വാഹനങ്ങൾ പരിശോധിക്കുന്നത്.