ലണ്ടൻ: നോർത്തേൺ ഐറിഷ് എഴുത്തുകാരി അന്ന ബേൺസിന്റെ 'മിൽക്കമാന്" ഈ വർഷത്തെ മാൻ ബുക്കർ സമ്മാനം. തന്റെ മൂന്നാമത്തെ നോവലിലൂടെ നോർത്തേൺ അയർലൻഡിലേക്ക് ആദ്യമായി ബുക്കർസമ്മാനം എത്തിച്ചിരിക്കുകയാണ് അന്ന ബേൺസ്. ലണ്ടനിലെ ഗിൽഡ്ഹാളിൽ വെച്ചായിരുന്നു ബുക്കർ സമ്മാന പ്രഖ്യാപനം.
സമൂഹത്തിന്റെ ഉന്നതശ്രേണിയിൽ ജീവിക്കുന്ന ഒരു വ്യക്തിയാൽ ലൈംഗിക പീഡനത്തിനികയാകുന്ന പതിനെട്ടുകാരിയുടെ കഥ വിമർശനാത്മക ഹാസ്യത്തിലൂടെയാണ് അന്ന ബേൺസ് അവതരിപ്പിക്കുന്നത്. നോവലിലെ കഥാപാത്രങ്ങൾക്കൊന്നും പേരു നൽകാതെ തന്റെ കഥയ്ക്ക് ആഗോള പരിസ്ഥിതി സൃഷ്ടിക്കുകയാണ് അന്ന ബേൺസ് എന്ന 56കാരി.
ജീവിതത്തിൽ ഇതുവരെ ഇത്രയും മികച്ച ഒരു സൃഷ്ടി വായിച്ചിട്ടില്ലെന്ന് ജൂറി മെമ്പർമാരിലൊരാളായ വാമെ ആന്റണി അപിയാ അഭിപ്രായപ്പെട്ടു. വായനയിൽ ആഴ്ത്തിക്കളയുന്ന അതിമനോഹരവും ആശ്ചര്യജനകവുമായ ഗദ്യം ബേൺസിന് സ്വന്തമാണെന്ന് ജൂറി അംഗങ്ങൾ അഭിപ്രായപ്പെട്ടു.
1962ൽ വടക്കൻ അയർലൻഡിലാണ് അന്ന ബേൺസിന്റെ ജനനം. 1987ൽ ഇവർ ലണ്ടനിലേക്ക് കുടിയേറി. നോ ബോൺസ് എന്ന ആദ്യ നോവൽ 2001ൽ പുറത്തിറങ്ങി. വിഖ്യാത എഴുത്തുകാരൻ ജെയിംസ് ജോയ്സിന്റെ കൃതികളുമായി ഇത് താരതമ്യം ചെയ്യപ്പെട്ടു. ലിറ്റിൽ കൺസ്ട്രക്‌ഷൻസ് എന്ന രണ്ടാമത്തെ നോവൽ 2007ലാണ് പുറത്തിറങ്ങിയത്. 2018ലാണ് മിൽക്ക്മാൻ പുറത്തിറങ്ങിയത്. 'മോസ്റ്റ്‌ലി ഹീറോ" എന്ന ഒരു നോവല്ലെ 2014ൽ പുറത്തിറക്കിയിരുന്നു.