മെക്സിക്കോസിറ്റി: സാന്ദ്ര അമില ബെൽട്രാൻ അഥവാ പസഫിക് റാണി. പേരുകേട്ടാൽ ഇപ്പോഴും മെക്സിക്കൻ പൊലീസിന്റെ മുട്ടിടിക്കും. പൂവിറുക്കുന്ന ലാഘവത്തിൽ എതിരാളികളുടെ തലയറുത്ത ഇൗ അധോലോക റാണി അമേരിക്കൻ പൊലീസിന്റെയും ഉറക്കം കെടുത്തി. സർവസന്നാഹങ്ങളും ഉപയോഗിച്ച് മയക്കുമരുന്ന് കടത്ത് തടയാൻ അമേരിക്കയെ കൊഞ്ഞണം കുത്തി മയക്കുമരുന്ന് കടത്തി. ഒടുവിൽ പിടിയിലായെങ്കിലും കേസുകളിൽ നിന്നെല്ലാം പുഷ്പംപോലെ രക്ഷപ്പെട്ട സാന്ദ്ര ഇപ്പോൾ പൊലീസിനെതിരെ കേസുകൊടുത്തിരിക്കുകയാണ്.
1960ൽ മെക്സിക്കോയിലെ ബജാകാലിഫോർണിയയിൽ ജനിച്ച സാന്ദ്രയ്ക്ക് പത്രപ്രവർത്തകയാവാനായിരുന്നു മോഹം. ഈ ആഗ്രഹവുമായി മാസ് കമ്മ്യൂണിക്കേഷൻ പഠിക്കാൻ ചേർന്നു. പക്ഷേ എത്തിയത് അധോലോകത്ത്.
21-ാമത്തെ വയസിൽ, അധോലോക നായകനായിരുന്ന അച്ഛന്റെ ഗ്രൂപ്പിന്റെ എതിരാളികൾ സാന്ദ്രയെ തട്ടിക്കൊണ്ടുപോയി.
ഇവരുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് വീട്ടിൽ തിരിച്ചെത്തിയതോടെ പത്രപ്രവർത്തകയാവണമെന്ന മോഹത്തിന് ഫുൾസ്റ്റോപ്പിട്ടു.മാഫിയാ റാണിയാവണം ഇതായിരുന്നു പുതിയ സ്വപ്നം.മാഫിയാ പ്രവർത്തനത്തിലൂടെ അച്ഛനുണ്ടാക്കിയ കോടികളായിരുന്നു കുടുംബത്തിന്റെ ആസ്തി.
പഠനമുപേക്ഷിച്ചു. എന്തിനും പോന്ന ധൈര്യവും സൗന്ദര്യവും തോക്കുകൾ ഉപയോഗിക്കാനുള്ള കഴിവും തെളിവുകൾ നശിപ്പിക്കാനുള്ള അസാമാന്യ പാടവവും വളർച്ചയുടെ പടിക്കെട്ടുകളായി. ഒന്നുരണ്ടുവർഷം കഴിഞ്ഞതോടെ മെക്സിക്കോയിലെ അധോലോകത്തിലെ പ്രധാനിയായി.
കൈയിൽ കോടികൾ കുമിഞ്ഞു. വിലയേറിയ ആഭരണങ്ങളും കാറുകളും വാങ്ങിക്കൂട്ടി. മുപ്പതോളം ആഡംബര കാറുകളാണ് സാന്ദ്രയ്ക്കു മാത്രമുണ്ടായിരുന്നത്. അതി വേഗത്തിൽ കാറോടിക്കുകയായിരുന്നു ഹരം. പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാനും ഇത് സഹായകമായി. മകന് പോക്കറ്റ് മണിയായി ഓരോ മാസവും 29 ലക്ഷം രൂപയാണ് നൽകിയത്. പതിനഞ്ചാം പിറന്നാളിന് സമ്മാനമായി നൽകിയത് ഒരു ഹമ്മറും.
ആളിത്ര കിടിലമാണെന്ന് പൊലീസിന് അറിയില്ലായിരുന്നു. അവരുടെ നോട്ടത്തിൽ സാന്ദ്ര ഒരു വീട്ടമ്മ മാത്രമായിരുന്നു. മകനെ എതിർ ഗ്രൂപ്പുകൾ തട്ടിക്കൊണ്ടുപോയതോടെയാണ് തനിസ്വരൂപം പൊലീസിന് പിടികിട്ടിയത്. മോചനദ്രവ്യമായി ആവശ്യപ്പെട്ട് കോടികൾ മണിക്കൂറുകൾക്കുള്ളിൽ കൈമാറിയതോടെ സംശയമായി. അന്വേഷണം തന്റെ നേരെ നീളുന്നതറിഞ്ഞ് സാന്ദ്ര മുങ്ങി.അപ്പോഴാണ് സാന്ദ്ര തങ്ങൾ കരുതിയതിനും ഒത്തിരിമേലെയാണെന്ന് പൊലീസിന് പിടികിട്ടിയത്.
പിന്നെ പൊങ്ങിയത് അഞ്ചുകൊല്ലം കഴിഞ്ഞ്. കാമുകനൊപ്പം പൊലീസിനു മുന്നിൽ കീഴടങ്ങി. കള്ളപ്പണം വെളുപ്പിച്ച കേസുമാത്രമായിരുന്നു സാന്ദ്രയുടെ പേരിലുണ്ടായിരുന്നത്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെടുത്താൻ നോക്കിയെങ്കിലും തെളിവുകൾ ഒന്നും കിട്ടിയില്ല.
ജയിലിലും സാന്ദ്ര രാജ്ഞിയായിരുന്നു. വിലകൂടിയ വസ്ത്രങ്ങളും സ്വർണാഭരണങ്ങളും ധരിച്ചു. മുന്തിയ മദ്യവും ഭക്ഷണവും വിളമ്പാൻ പ്രത്യേക പരിചാരകർ തന്നെയുണ്ടായിരുന്നു.
വിചാരണയ്ക്കൊടുവിൽ അമേരിക്കയിലേക്ക് നാടുകടത്തി. പക്ഷേ, അമേരിക്ക അവരെ തിരിച്ചയച്ചു. നാട്ടിലെത്തിയപ്പോൾ കള്ളപ്പണക്കേസിൽ വീണ്ടും ജയിലിലായി. 2015ൽ മോചിതയായി. പൊലീസ് പിടിച്ചെടുത്ത കോടികളുടെ വസ്തുവകകൾ തിരികെപ്പിടിക്കുന്നതിനുള്ള നിയമ പോരാട്ടത്തിലാണ് സാന്ദ്ര ഇപ്പോൾ.