പമ്പ: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പമ്പയിലും നിലയ്‌ക്കലിലും കടുത്ത അക്രമണ സാധ്യത. ഇതിന്റെ പശ്‌ചാത്തലത്തിൽ കമാൻഡോ സംഘത്തെ അയയ്‌ക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. രണ്ട് എസ്.പിമാർ, നാല് ഡി.വൈ.എസ്.പിമാർ എന്നിവരുടെ നേതൃത്വത്തിലായിരിക്കും സംഘം എത്തുക. കൂടാതെ വനിതാ പൊലീസുകാരടക്കം 100 പൊലീസുകാരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്.
നിലയ്‌ക്കലിൽ മാദ്ധ്യമപ്രവർത്തകരെയടക്കം പ്രതിഷേധക്കാർ ആക്രമിച്ചു. ദേശീയ മാദ്ധ്യമങ്ങളായ റിപ്പബ്ളിക്, ന്യൂസ് 18 എന്നീ ചാനലുകളിലെ വനിതാ മാദ്ധ്യപ്രവർത്തകർക്കടക്കം ആക്രമണത്തിൽ പരിക്കേറ്റു. റിപ്പബ്ളിക് ടി.വിയുടെ വാഹനം പ്രതിഷേധക്കാർ തല്ലിതകർത്തു.
അതേസമയം, തന്ത്രി കുടുംബാംഗമായ രാഹുൽ ഈശ്വറിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. മങ്ങാൻ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാത്തതിനെ തുടർന്നാണ് പമ്പ പൊലീസ് രാഹുലിനെ അറസ്‌റ്റ് ചെയ്‌തത്.