''സാജാ...'
അനുചരരിൽ ഒരുവൻ അലറി വിളിച്ചു.
അപ്പോഴേക്കും ചിതറിപ്പോയ പലകകൾക്കിടയിലൂടെ ബുള്ളറ്റ് ബൈക്ക് അകത്തേക്കു പാഞ്ഞുവന്നു.
അവർക്കു തൊട്ടുമുന്നിൽ അത് ബ്രേക്കിട്ടു.
വലതുകാൽ തറയിൽ കുത്തി അതിലിരുന്ന മനുഷ്യർ ബൈക്ക് 'ഠ' പോലെ വട്ടം കറക്കി.
അതിന്റെ പിൻചക്രത്തിനടിയിൽ നിന്ന് കത്തുന്ന പൂത്തിരി കണക്കെ മണൽത്തരികൾ ചുറ്റും ചിതറി...
വെളിച്ചം സകലരെയും തൊട്ടുഴിഞ്ഞ്...
വീണ്ടും ബൈക്കു നിന്നു...
''ഒന്ന് .. രണ്ട്..' അയാൾ എണ്ണി. എട്ടുപേർ. അല്ലേടാ? ടയർ സാജൻ സഹിതം..'
തന്നെ ഇയാൾ തിരിച്ചറിഞ്ഞിരിക്കുന്നു!
സാജന് അപകടം മണത്തു.
ബൈക്കിന്റെ വെളിച്ചം കണ്ണിലേക്ക് കുത്തിപ്പുളഞ്ഞിറങ്ങുകയാണ്.അതിനാൽ അതിൽ ഇരിക്കുന്നവനെ കാണാൻ വയ്യ...
നെറ്റിക്കു മീതെ കൈപ്പടം വച്ച് സാജൻ നോക്കി.
നല്ല ആരോഗ്യമുള്ള ഒരാളാണെന്നു തോന്നി. ശിരസ്സിൽ ഹെൽമറ്റും ഉണ്ട്.
ആ മനുഷ്യൻ, കുഴിയിൽ കിടക്കുന്ന പരമേശ്വരനെ കണ്ടു.
''ങാഹ... നീയിപ്പം ഗുണ്ടാപ്പണി നിർത്തി കുഴിവെട്ടു തുടങ്ങിയോടാ സാജാ?'
അയാൾ തിരക്കി.
ഹെൽമറ്റിനുള്ളിൽ നിന്നു വന്ന ശബ്ദമായതിനാൽ അത് തിരിച്ചറിയാനും സാജനു കഴിഞ്ഞില്ല. അയാൾ ചീറി:
''അതേടാ. ഇപ്പം പണി കുഴിവെട്ടാ. ഇതുവരെ ഒന്നുമതിയെന്നു കരുതിയിരുന്നതാ. നീയും കൂടി ചേർന്നപ്പോൾ അത് രണ്ടായി...'
''ഓ.' അയാൾ ചിരിച്ചു. ''ഞാൻ വിചാരിച്ചു രണ്ടാമത്തെ കുഴി നിന്റെ അമ്മയെ തൊഴിച്ചുകൊന്ന അപ്പൻ തമിഴൻ മുനിയാണ്ടിക്ക് ആയിരിക്കുമെന്ന്.'
സാജൻ ഒന്നുകൂടി നടുങ്ങി.
തന്റെ കുടുംബചരിത്രം പോലും അറിയാവുന്നവൻ!
ഇവനെ സൂക്ഷിക്കണം. അയാളുടെ മനസ്സു പറഞ്ഞു. തങ്ങൾ ഇവിടെയുണ്ടെന്ന് അറിഞ്ഞിട്ടു തന്നെ ഒറ്റയ്ക്കു വന്ന ഇവനെ പേടിച്ചേ പറ്റൂ.
എങ്കിലും സാജൻ ഒന്നും പുറത്തു കാട്ടിയില്ല. പകരം തിരിഞ്ഞ് തന്റെ സംഘത്തോടലറി.
''എന്താടോ നോക്കി നിൽക്കുന്നത്. മടവാളിന് വെട്ടിക്കീറെടാ ഈ പന്നിയെയും...'
പറഞ്ഞു തീരും മുൻപ് ആയുധങ്ങളുടെ കിലുക്കം ആഗതൻ തിരിച്ചറിഞ്ഞു.
ഒരുവൻ ബൈക്കിനു നേർക്കു പറന്നുവരുന്നതു കണ്ടു. അയാളുടെ കയ്യിലിരുന്ന മടവാൾ ബൈക്കിന്റെ വെളിച്ചത്തിൽ വെള്ളി കണക്കെ വെട്ടിത്തിളങ്ങി.
അപ്പോഴേക്കും അയാൾ വാൾ ആഞ്ഞുവീശി...
ആഗതൻ പിന്നോട്ടൊഴിഞ്ഞു. നൂൽകനത്തിൽ തന്റെ താടിയ്ക്കടിയിലൂടെ ഒരു കാറ്റ് വീശിപ്പോയത് അയാൾ അറിഞ്ഞു.
അടുത്ത സെക്കന്റിൽ ഇടം കാൽ കൊണ്ട് അയാൾ ബൈക്ക് സൈഡ് സ്റ്റാന്റിൽ വച്ചു. പിന്നെ വലതുകാൽ ഹാന്റിലിനു പുറത്തുകൂടി തറയിൽ കുത്തി ചാടിയിറങ്ങി.
അയാൾ ധരിച്ചിരുന്ന ജാക്കറ്റ് കടവാവലിന്റെ ചിറകുപോലെ ഒന്നിളകി.
ബൈക്കിന്റെ എൻജിൻ ഓഫു ചെയ്യുകയോ ലൈറ്റ് അണയ്ക്കുകയോ ചെയ്തില്ല അയാൾ.
തന്റെ ആദ്യത്തെ വെട്ട് ലക്ഷ്യം തെറ്റിയവൻ കൂടുതൽ വൈരാഗ്യത്തോടെ വെട്ടിത്തിരിഞ്ഞ് വീണ്ടും വാൾ വീശി.
ഇത്തവണ അവന്റെ മണിബന്ധത്തിൽ ആഗതൻ തടഞ്ഞുപിടിച്ചു. അതേനിമിഷം തന്നെ ആ കൈ പിന്നിലേക്കൊടിച്ചു...
റബ്ബർ കമ്പ് ഒടിയും പോലെ ഒരു ശബ്ദവും തുടർന്ന് അയാളുടെ നിലവിളിയും.
വടവാൾ പിടിവിട്ട് തറയിൽ വീണു. ആഗതൻ അയാളെ വട്ടം തിരിച്ച് മുടിയിൽ കുത്തിപ്പിടിച്ചു. പിന്നെ ബൈക്കിന്റെ ടാങ്കിന്റെ ടാപ്പിനു മീതെ നെറ്റിചേർത്ത് ഒറ്റയിടി...
ചിരട്ട പൊട്ടുന്നതുപോലെ ഒരൊലർച്ച.
അയാളുടെ നെറ്റിപിളർന്നു ചോര ചീറ്റി. ആഗതൻ അയാളെ പിന്നോട്ടു വലിച്ചെറിഞ്ഞു.
ആ നിമിഷം രണ്ടുപേർ ഒന്നിച്ചു ചാടിവന്നു.
താഴേക്ക് അറുപത് ഡിഗ്രി കുനിഞ്ഞിട്ട് രണ്ട് മുഷ്ടികളും കൊണ്ട് ആഗതൻ മുന്നോട്ടടിച്ചു.
നെഞ്ചിനും വയറിനുമിടയിൽ ഇടിയേറ്റ ഇരുവരും വില്ലുപോലെ വളഞ്ഞു.
അവരുടെ വായിൽ നിന്ന് കൊഴുത്ത ചോര താടിയിലേക്ക് ഒഴുകി...
രണ്ട് റബ്ബർ ബൊമ്മകൾ കണക്കെ അവർ തറയിൽ വീണു.
ഇതൊക്കെ കണ്ട് പകച്ചുനിൽക്കുകയായിരുന്നു ടയർ സാജൻ.
ബാക്കിയുള്ള അഞ്ചുപേർ ഒന്നിച്ച് ആഗതനെ ആക്രമിച്ചു.
അയാളുടെ നീക്കം അവരുടെ പത്തിരട്ടി വേഗത്തിലായിരുന്നു.
അവർ ചുറ്റുപാടും ചിതറിത്തെറിച്ചു.
സാജൻ നോക്കുമ്പോൾ ഒരുവൻ ആഗതന്റെ തോളിലിരിക്കുന്നു. അയാളുടെ കഴുത്തിലും കാലിലും പിടിച്ച് ആഗതൻ തന്റെ ചുമലിൽ ശക്തിയിൽ മടക്കി.
നട്ടെല്ല് ഒടിയുന്ന ശബ്ദം! (തുടരും)