പത്തനംതിട്ട: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമല ദർശനത്തിനെത്തിയ ആലപ്പുഴ ചേർത്തല സ്വദേശിനി ലിബി.സി.എസിനെതിരെ പൊലീസ് കേസെടുത്തു. സോഷ്യൽ മീഡിയയിലൂടെ മതസ്‌പർദ്ധ വളർത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് ബി.ജെ.പി നൽകിയ പരാതിയിലാണ് പത്തനംതിട്ട പൊലീസ് കേസെടുത്തത്. ഐ.ടി നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തു.
ചേർത്തലയിൽ നിന്ന് ഇന്ന് രാവിലെയാണ് ലിബിയും സംഘവും ശബരിമലയിലേക്ക് തിരിച്ചത്. യാത്രാമദ്ധ്യേ ചിലർ ഇവരെ തടയാൻ ശ്രമിച്ചതിനെ തുടർന്ന് ചങ്ങാനാശ്ശേരി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. തുടർന്ന് പത്തനംതിട്ട ബസ് സ്റ്റാൻഡിൽ എത്തിയ ലിബിയെ അവിടെ വച്ച് സമരക്കാർ തടയുകയായിരുന്നു. പ്രതിഷേധത്തിനിടെ വളരെ ബുദ്ധിമുട്ടിയാണ് യുവതിയെ പൊലീസ് അവിടെ നിന്നും മാറ്റിയത്. നമ്മൾ വിജയിക്കുക തന്നെ ചെയ്യും, പൊലീസ് ഒപ്പമുണ്ട്, ഉച്ചയോടെ ശബരിമലയിലെത്തുമെന്ന് ലിബി പിന്നീട് ഫേസ്ബുക്കിൽ കുറിച്ചിരുന്നു.