ന്യൂഡൽഹി: ശബരിമലയിൽ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരെ പമ്പയിലും നിലയ്ക്കലും ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. സ്ഥലത്തെ സംഘർഷാവസ്ഥ കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ഇതിനിടെ വനിതാ മാദ്ധ്യമപ്രവർത്തകരെയും പ്രതിഷേധക്കാർ ആക്രമിച്ചിരുന്നു. ദേശീയ ചാനലായ റിപ്പബ്ലിക് ടിവിയുടെ സൗത്ത് ഇന്ത്യൻ ബ്യൂറോ ചീഫ് പൂജ പ്രസന്ന, ന്യൂസ് മിനിട്ടിലെ സരിത എസ്.ബാലൻ,എൻ.ഡി.ടി.വിയിലെ സ്നേഹ കോശി എന്നീ വനിതാ മാദ്ധ്യമപ്രവർത്തകരാണ് ആക്രമണത്തിന് ഇരയായത്.
ഇതിനിടെ റിപ്പബ്ലിക് ടി.വി റിപ്പോർട്ടർക്ക് നേരെയുണ്ടായ ആക്രമണത്തിൽ ചാനലിനോട് പ്രതികരിക്കാൻ തയ്യാറായ രാഹുൽ ഈശ്വറിനെ അർണബ് ഗോസ്വാമി കടന്നാക്രമിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. രാഹുൽ അടക്കമുള്ളവരാണ് ഇത്തരം ആക്രമണങ്ങൾക്ക് പിന്നിലെന്ന് അർണബ് വ്യക്തമാക്കിയപ്പോൾ തന്റെ അമ്മയും മുത്തശിയും അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും റിപ്പോർട്ടർക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഖേദം പ്രകടിപ്പിക്കുകയാണെന്നുമായിരുന്നു രാഹുലിന്റെ മറുപടി. ഞങ്ങളുടെ റിപ്പോർട്ടറെ ആക്രമിച്ചവർക്കെതിരെ പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിക്കാൻ നിങ്ങളെ കൊണ്ടാവുമോ എന്നും അർണബ് ചോദിച്ചു. ചാനൽ ചർച്ചയിൽ എന്നും ആർജവത്തോടെ സംസാരിക്കുന്ന രാഹുൽ ഈശ്വർ അർണബിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിപ്പോയി.
വീഡിയോ