sabarimala

1. ശബരിമലയിലെ സംഘർഷത്തിന് ഇനിയും അയവില്ല. മാദ്ധ്യമ പ്രവർത്തകർക്കു നേരെ വിശ്വാസികളുടെ കാടത്തം. മാദ്ധ്യമ വാഹനങ്ങളും കാമറകളും അക്രമികൾ അടിച്ചു തകർത്തു. റിപ്പോർട്ട് ചാനലിന്റേയും ന്യൂസ് 18ന്റേയും വാഹനങ്ങൾ അടിച്ചു തകർത്തു. ദേശീയ ചാനലിന്റെ വാഹനം തല്ലി തകർത്ത പ്രതിഷേധക്കാർ, റിപ്പബ്ലിക് ചാനൽ ലേഖിക പൂജ പ്രസന്നേയയും എൻ.ഡി. ടി.വിയിലെ സ്‌നേഹ കോശിയേയും ആക്രമിച്ചു. ആജ് തക് ചാനൽ റിപ്പോർട്ടർക്ക് അക്രമത്തിൽ പരിക്ക്. ന്യൂസ് മിനിട്ട് റിപ്പോർട്ടർ സരിത ബാലനെ നിലയ്ക്കലിൽ ബസിൽ നിന്ന് ഇറക്കിവിട്ടു.


2. സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ പ്രശ്‌നം സൃഷ്ടിക്കുന്നവരെ അറസ്റ്റ് ചെയ്യാൻ ഡി.ജി.പിയുടെ നിർദ്ദേശം. എല്ലാ ജില്ലകളിലും പട്രോളിംഗ് ശക്തമാക്കും. ശബരിമലയിൽ ദർശനത്തിന് എത്തിയ ലിബി എന്ന യുവതിയെ പത്തനംതിട്ടയിൽ തടഞ്ഞ സംഭവത്തെ തുടർന്നാണ് ഡി.ജി.പിയുടെ കർശന നിർദ്ദേശം. ഈ സംഭവത്തിൽ കണ്ടാൽ അറിയാവുന്ന 50 പേർക്ക് എതിരെ കേസെടുത്തു. രാഹുൽ ഈശ്വറിനെ കസ്റ്റഡിയിൽ എടുത്തു. അതേസമയം പൊലീസ് സുരക്ഷ ഇല്ലാത്തതിനാൽ ശബരിമല ദർശനം നടത്താൻ എത്തിയ ആന്ധ്രപ്രദേശ് യുവതി യാത്ര പൂർത്തി ആക്കാതെ മടങ്ങി.


3. രണ്ടിടത്ത് പ്രതിഷേധക്കാരെ മറി കടന്നെങ്കിലും സ്വാമി അയ്യപ്പൻ റോഡിനരികെ പൊലീസ് ഇല്ലാത്തതിനാൽ മടങ്ങുക ആയിരുന്നു. 45 വയസുള്ള ആന്ധ്രാ സ്വദേശിനി മാധവിയാണ് സന്നിധാന യാത്ര പൂർത്തിയാക്കാതെ മടങ്ങിയത്. കോഴിക്കോട് ശബരിമലയിൽ പോകാൻ മാല ഇട്ട യുവതിയെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് പുറത്താക്കി. ഭീഷണിയെ തുടർന്ന് യുവതി ഒളിവിൽ.


4. 2000 ത്തോളം പ്രതിഷേധക്കാരാണ് നിലയ്ക്കലിൽ തമ്പടിച്ചിരിക്കുന്നത്. ബി.ജെ.പിയുടെ നേതൃത്വത്തിലും പ്രതിഷേധ സമരം പുരോഗമിക്കുക ആണ്. പ്രതിഷേധക്കാരെ തടയാൻ സന്നിധാനം, വടശേരിക്കര, നിലയ്ക്കൽ എന്നിവിടങ്ങളിൽ സുരക്ഷ ശക്തം. വനിതകളടക്കം ഓരോ സ്റ്റേഷനിലും 60 പൊലീസുകാരുണ്ട്.


5. ശബരിമലയിൽ ഇപ്പോഴത്തെ പ്രതിഷേധം ഭക്തരുടെ വഴി തടഞ്ഞുകൊണ്ട്. പമ്പ കടക്കാൻ പ്രായം തെളിയിക്കണം എന്നതാണ് നിലവിലെ അവസ്ഥ. പ്രദേശത്ത് വൻ പൊലീസ് സന്നാഹം. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു. വിശ്വാസികളെ ഒരു കാരണവശാലും തടയില്ലെന്ന് മന്ത്രി.


6. ശബരിമലയിൽ സംഘപരിവാറിന് ഒപ്പം പ്രതിഷേധം ശക്തമാക്കി കോൺഗ്രസും. പത്തനംതിട്ട ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ നിലയ്ക്കലിൽ ഉപവാസ സമരം. കോൺഗ്രസ് സമര പ്രക്രീയയുമായി മുന്നോട്ടുപോകും എന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ. സമരത്തിന്റെ അനിവാര്യത നേതൃത്വത്തെ ബോധ്യപ്പെടുത്താൻ പ്രതിപക്ഷ നേതാവും കെ.പി.സി.സി അധ്യക്ഷനും ഡൽഹിക്ക് പോകും.


7. സമരത്തിന്റെ പേരിൽ ബി.ജെ.പി നടത്തുന്നത് കാപട്യമാണ്. നിയമ നിർമ്മാണം നടത്താൻ ബി.ജെ.പി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടണം എന്നും സുധാകരൻ. യുവതികൾ ശബരിമലയിൽ എത്തിയാൽ ശബരിമല ദർശനം നിർത്തും എന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ. അതിനിടെ, പ്രതിഷേധക്കാരെ ട്രോളി മന്ത്രി ഇ.പി ജയരാജൻ. ശബരിമലയിലേക്ക് പോകുന്ന വിശ്വാസികളെ തടയുന്നവർക്ക് അയ്യപ്പദോഷം ഉണ്ടാകും എന്ന് ഇ.പി ജയരാജൻ.


8. ശബരിമലയിൽ പൊലീസ് സ്വീകരിക്കുന്ന ആത്മ സംയമനം ബലഹീനത അല്ലെന്ന് കോടിയേരി ബാലകൃഷ്ണൻ. സന്നിധാനത്ത് ബി.ജെ.പികോൺഗ്രസ് കോർഡിനേഷൻ കമ്മിറ്റി എന്നും പ്രതികരണം. തുല്യതയ്ക്കു വേണ്ടി ഉറച്ചു നിൽക്കുന്നു എന്ന് എസ്. രാമചന്ദ്രൻ പിള്ള. സമരക്കാരുടെ വാദം യുക്തിക്ക് നിരക്കാത്തത് എന്നും എസ്.ആർ.പി.


9. ശബരിമല സ്ത്രീ പ്രവേശന വിധി നടപ്പാക്കുന്നതിൽ ജനരോഷം ശക്തം. പത്തനംതിട്ട ബസ് സ്റ്റാൻഡിൽ നിന്നും ആചാര പ്രകാരം അല്ലാതെ ഒരു സ്ത്രീയെയും പമ്പയിലേക്ക് പോകാൻ അനുവദിക്കില്ലെന്ന് സമരക്കാർ. സ്ത്രീകളടക്കം ശക്തമായ പ്രതിരോധമാണ് ശബരിമലയിൽ പൊലീസിന് ചുറ്റും തീർത്തിരിക്കുന്നത്. സ്ത്രീകൾ ആരെങ്കിലും ശബരിമലയിലേക്ക് പോകാൻ ശ്രമിച്ചാൽ ബസ് അടക്കം കത്തിക്കും എന്നാണ് വെല്ലുവിളി.


10. സമരക്കാർക്ക് എതിരെ ശക്തമായ നടപടിയുമായി പൊലീസ്. സ്ത്രീ പ്രവേശനത്തിന് എതിരെ പ്രതിഷേധിച്ച താഴ്മൺ കുടുംബാംഗങ്ങളെ അറസ്റ്റുചെയ്ത് നീക്കി. ഇവരെ പമ്പ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അയ്യപ്പ ധർമ്മസേന പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി. തന്ത്രി കുടുംബത്തിന്റെ അറസ്റ്റിന് പിന്നാലെ ബി.ജെ.പി നേതാക്കളായ എം.ടി രമേശും കെ.സുരേന്ദ്രനും ശോഭാസുരേന്ദ്രനും നയിക്കുന്ന പ്രതിഷേധ സമരം തുടരുകയാണ്.


11. ശബരിമലയിൽ ദർശനത്തിനായി യുവതികൾ എത്തിയാൽ ക്ഷേത്രം അടച്ചു പൂട്ടുമെന്ന് തന്ത്രി കണ്ഠരര് രാജീവരര്. തുടർ ചർച്ചകൾക്ക് പ്രസക്തി ഇല്ലെന്ന് പ്രതികരണം. ആചാര അനുഷ്ഠാനങ്ങൾ ലംഘിക്കുന്നതിൽ ദുഖമുണ്ടെന്ന് മാളികപ്പുറം മേൽശാന്തി അനീഷ് നമ്പൂതിരി. ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടർന്നുവന്നവരെ പുതിയ സാഹചര്യം വിഡ്ഢികൾ ആക്കുന്നു എന്നും അനീഷ് നമ്പൂതിരി. പ്രതികരണം, കോടതി വിധി നടപ്പാക്കും എന്ന് ദേവസ്വംബോർഡ് നിലപാട് അറിയിച്ച സാഹചര്യത്തിൽ.