പ്രായവ്യത്യാസമൊന്നുമില്ലാതെ എല്ലാവരേയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് നടുവേദന. കാരണങ്ങളും പലതാകാം. പക്ഷേ, അതിനൊക്കെ മുന്നേ നട്ടെല്ലിനെ കുറിച്ച് കൂടുതൽ അറിഞ്ഞിരിക്കണം. ആദ്യം പലരും വേദനയെ അവഗണിക്കുമെങ്കിലും കുറച്ച് കഴിയുമ്പോൾ കാര്യങ്ങൾ കൂടുതൽ രൂക്ഷമാകും. വളരെ സങ്കീർണമായ ഘടനയാണ് നട്ടെല്ലിനുള്ളത്. കശേരുക്കൾ, ഡിസ്‌കുകൾ, പേശികൾ, സ്നായുക്കൾ, ചലനവള്ളികൾ തുടങ്ങിയവയാലാണ് നട്ടെല്ല് നിർമിച്ചിരിക്കുന്നത്. കശേരുക്കൾ തമ്മിൽ കൂട്ടിയുരയുന്നത് തടയുന്നതും നട്ടെല്ലിന് മുകളിലുള്ള സമ്മർദ്ദത്തെ ഇല്ലാതാക്കുന്നതും കശേരുക്കൾക്കിടയിലെ മൃദുഭാഗമായ ഡിസ്‌ക്കുകൾ ആണ്. നട്ടെല്ലിൽ പ്രധാനമായും നാലു വളവുകൾ ഉണ്ട്. കശേരുക്കളും ഡിസ്‌കുകളും നട്ടെല്ലിൽ ക്രമീകരിച്ചിരിക്കുന്നത് ഈ വളവുകൾക്കനുസരിച്ചാണ്.
കാരണം എന്താണ്
ഡിസ്‌കുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങൾ, കശേരുക്കളെ പരസ്പരം ബന്ധിപ്പിക്കുന്ന ചലനവള്ളികൾക്കുണ്ടാകുന്ന വലിച്ചിലുകൾ, നട്ടെല്ലുമായി ബന്ധപ്പെട്ടുള്ള പേശികൾക്കുണ്ടാകുന്ന ഉളുക്കുകൾ, തെറ്റായ ജീവിതശൈലി തുടങ്ങിയവയാണ് നടുവേദനക്കിടയാക്കുന്ന പ്രധാന ഘടകങ്ങൾ. കൂടാതെ നട്ടെല്ലിനേൽക്കുന്ന പരിക്കുകൾ, കഠിനമായ ആയാസമുള്ള ജോലികൾ, പൊട്ടിയതോ പുറത്തേക്ക് തള്ളിയതോ ആയ ഡിസ്‌കുകൾ, കിടപ്പ് തുടങ്ങിയ ശാരീരിക നിലകളിലെ പ്രശ്നങ്ങൾ, അസ്ഥിക്ഷയം, നട്ടെല്ലിന്റെ സ്വാഭാവിക വളവുകളിലുണ്ടാകുന്ന മാറ്റങ്ങൾ, അമിതവണ്ണം ,മാനസിക പിരിമുറുക്കം, അർബുദം ഇവയും നടുവേദനക്കിടയാക്കാറുണ്ട്. കശേരുക്കൾക്കിടയിലെ മൃദുഭാഗമായ ഡിസ്‌കുകളിൽ സാധാരണഗതിയിൽ ധാരാളം ജലാംശം ഉണ്ടായിരിക്കും. പ്രായമാകുന്തോറും ഡിസ്‌കിനുള്ളിലെ ജലാംശം കുറയുന്നത് ഡിസ്‌കിന്റെ ഇലാസ്തികതയും വഴക്കവും നഷ്ടമാക്കുന്നു. ഇത് ഡിസ്‌കുകൾ പൊട്ടാനും തെന്നാനുമുള്ള സാധ്യത കൂട്ടും. ഘടനാമാറ്റം വന്ന ഡിസ്‌കുകൾ നാഡികളിൽ ചെലുത്തുന്ന സമ്മർദ്ദമാണ് നടവേദനയായി അനുഭവപ്പെടുന്നത്. വേദന കാലിലേക്കും വ്യാപിക്കാറുണ്ട്. കാലിന്റെ പിൻവശത്ത് കൂടി താഴേക്ക് പോകുന്ന വേദനയെ സയാറ്റിക്ക എന്നാണ് പറയുക. ശരീരം തെറ്റായ രീതിയിൽ പെട്ടെന്ന് തിരിയുകയോ, അമിത ഭാരം എടുക്കുകയോ ചെയ്യുമ്പോൾ കശേരുക്കളിൽ സമ്മർദ്ദമുണ്ടായി ഡിസ്‌ക് തെറ്റാം.
ലക്ഷണങ്ങൾ അറിയണം
നടുഭാഗത്തോ പുറത്തോ വേദന, കുനിയാനും നിവരാനും ബുദ്ധിമുട്ട് , നടുവിൽ പെട്ടെന്നുണ്ടാകുന്ന വേദന , നിൽക്കാനും നടക്കാനും പ്രയാസം, നിൽക്കുമ്പോഴും ഇരിക്കുമ്പോഴും വേദന കൂടുക , കാലിന് ബലക്ഷയം തുടങ്ങിയവയാണ് കാണപ്പെടുന്ന പ്രധാന ലക്ഷണങ്ങൾ. വിവിധ ഘട്ടങ്ങളിലൂടെ കടന്നാണ് നടുവേദന സങ്കീർണതയിലെത്തുക. നടുവേദനയുടെ ആദ്യഘട്ടത്തിൽ വേദന നടുവിൽ മാത്രമായി ഒതുങ്ങിനിൽക്കും. ഡിസ്‌ക് ഘടനാ വ്യതിയാനം വന്ന് താഴേക്ക് പോകുന്ന നാഡിയിൽ സമ്മർദ്ദമേൽപിക്കുന്നതോടെ വേദന നടുവിന്റെ ഒരുവശത്തും കാലിലും വ്യാപിക്കും. ഒപ്പം കാലിന് പിടുത്തവും കാല് നിവർത്താൻ ബുദ്ധിമുട്ടും ഉണ്ടാകും. നടുവേദനയുടെ രണ്ടാംഘട്ടമാണിത്. മൂന്നാംഘട്ടത്തിൽ കാലിന് ബലക്കുറവും തരിപ്പും അനുഭവപ്പെടും. അടുത്തഘട്ടത്തിൽ കാൽവിരൽ ഉയർത്താനാകാതെയും മുട്ടുമടക്കാനാകാതെയും വരും.
സ്ത്രീകളും നടുവേദനയും
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ നടുവേദന കൂടുതലാണ്. ഗർഭാശയത്തിലും അണ്ഡാശയങ്ങളിലുമുണ്ടാകുന്ന അണുബാധയും രോഗങ്ങളും സ്ത്രീകളിൽ നടുവേദനക്കിടയാക്കാറുണ്ട്. ഗർഭകാലം, പ്രസവം, വയർ ചാടൽ, പേശികളുടെ ബലക്ഷയം, ഇവയും സ്ത്രീകളിൽ നടുവേദന കൂട്ടാറുണ്ട്. അസ്ഥിക്ഷയം പോലുള്ള രോഗങ്ങൾ സ്ത്രീകളിൽ കൂടുതലായതിനാൽ നടുവേദനക്കുമിത് കാരണമാകാറുണ്ട്.
കുടവയർ നട്ടെല്ലിന് മുമ്പിലുള്ള ഉദരപേശികളുടെ ബലവും ദൃഢതയും കുറയ്ക്കും. ഇത് പിന്നിലുള്ള പേശികളുടെ ആയാസത്തെ കൂട്ടുന്നു. പേശികൾക്കും കശേരുക്കൾക്കും ഡിസ്‌കിനും ഉണ്ടാകുന്ന അമിത ആയാസം കുടവയറുകാരിൽ നടുവേദനക്കിടയാക്കുന്നു.
കൈകാലുകളിലെ സന്ധികളെ അപേക്ഷിച്ച് നട്ടെല്ലിനെ കൂടുതലായി ബാധിക്കുന്ന സന്ധിവാത രോഗങ്ങളുണ്ട്. വിട്ടുമാറാത്ത നടുവേദനയാണിവയുടെ പ്രധാന ലക്ഷണം. അൻകൈലോസിങ് സ്പോണ്ടിലൈറ്റിസ്, സോറിയാറ്റിക് ആർത്രൈറ്റിസ്, റിയാക്ടീവ് ആർത്രൈറ്റിസ്, എന്ററോപതിക് ആർത്രൈറ്റിസ് തുടങ്ങിയവയാണ് നട്ടെല്ലിനെ ബാധിക്കുന്ന പ്രധാന സന്ധിവാത രോഗങ്ങൾ.