യുവേഫ നേഷന്‍സ് ലീഗിൽ ഫ്രാൻസ് 2-1 ന് ജർമ്മനിയെ കീഴടക്കി

അന്റോയിന്‍ ഗ്രീസ്മാന് ഇരട്ടഗോൾ നേട്ടം

പാരീസ്: ലോക ഫുട്ബാളിൽ ജർമ്മനിയുടെ കഷ്ടകാലം തുടരുന്നു. കഴിഞ്ഞ രാത്രി യുവേഫ നേഷന്‍സ് ലീഗ് ഫുട്‌ബോളിൽ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽക്കുകയായിരുന്നു ജർമ്മനി. ഇതോടെ ജർമ്മൻ കോച്ച് യൊവാക്വിം ലോയ്‌വിന്റെ മേൽ സമ്മർദ്ദമേറി.നേഷന്‍സ് ലീഗിൽ മുന്നോട്ടുള്ള വാതിലും അടഞ്ഞു.


സ്‌ട്രൈക്കര്‍ അന്റോയിന്‍ ഗ്രീസ്മാന്‍ നേടിയ ഇരട്ട ഗോളുകളാണ് ഫ്രാന്‍സിനു തുണയായത്. മത്സരത്തിന്റെ 14-ാം മിനിറ്റില്‍ ടോണി ക്രൂസിന്റെ ഗോളില്‍ മുന്നിലെത്തിയ ശേഷമാണ് ജര്‍മനി തോല്‍വി വഴങ്ങിയത്.
14-ാം മിനിറ്റില്‍ ലിറോയ് സാനെയുടെ ഷോട്ട് ഫ്രഞ്ച് താരം കിംപെംബെ കൈകൊണ്ട് തടുത്തതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത ക്രൂസ് പിഴവില്ലാതെ ലക്ഷ്യം കണ്ടതോടെ ജര്‍മനി ലീഡ് നേടി.
ആദ്യപകുതിയില്‍ ലീഡ് നിലനിര്‍ത്താനും അവര്‍ക്കായി. എന്നാല്‍ ഇടവേളയ്ക്കു ശേഷം ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്ത ഫ്രാന്‍സ് മത്സരത്തില്‍ ആധിപത്യം സ്വന്തമാക്കി.
62-ാം മിനിറ്റില്‍ ഗ്രീസ്മാന്‍ അവരെ ഒപ്പമെത്തിച്ചു. ഹവിയര്‍ ഹെര്‍നാന്‍ഡസ് നല്‍കിയ ക്രോസില്‍ തലവച്ച ഗ്രീസ്മാന്‍ ജര്‍മന്‍ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയറുടെ തലയ്ക്കു മുകളിലൂടെ പന്ത് വലയിലേക്കു ചെത്തിയിട്ടു.
സമനില നേടിയതോടെ ആക്രമണം വര്‍ധിപ്പിച്ച ഫ്രാന്‍സ് ഏറെ വൈകാതെ തന്നെ ലീഡും സ്വന്തമാക്കി. 80-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് ഗ്രീസ്മാന്‍ രണ്ടാം ഗോള്‍ നേടിയ ജയം ഉറപ്പാക്കിയത്.
യുവതാരം കിലിയന്‍ എംബാപ്പെ നല്‍കിയ പന്തുമായി ഓടിക്കയറിയ ബ്ലെയ്‌സ് മറ്റിയൂഡിയെ മാറ്റ് ഹമ്മല്‍സ് വീഴ്ത്തിയതിനാണ് രണ്ടാം തവണ റഫറി പെനാല്‍റ്റി സ്‌പോട്ടിലേക്ക് വിരല്‍ ചൂണ്ടിയത്. ഫ്രാന്‍സിനായി എടുത്ത പെനാല്‍റ്റി കിക്കുകള്‍ എല്ലാം തന്നെ ലക്ഷ്യത്തിലെത്തിച്ചിട്ടുള്ള ഗ്രീസ്മാന് ഇക്കുറിയും പിഴച്ചില്ല.
അവസാന 10 മിനിറ്റുകളില്‍ സമനിലയ്ക്കായി ജര്‍മനി പൊരുതിക്കളിച്ചെങ്കിലും ഫ്രഞ്ച് കോട്ട് ഒരിക്കല്‍ക്കൂടി കീഴടക്കാന്‍ ജര്‍മന്‍ പട്ടാളത്തിനായില്ല.
അയര്‍ലന്‍ഡിനെതിരേയായിരുന്നു വെയ്ല്‍സിന്റെ ജയം. ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം 58-ാം മിനിറ്റില്‍ ഹാരി വില്‍സണ്‍ നേടിയ ഗോളാണ് അവര്‍ക്കു ജയമൊരുക്കിയത്.
മറ്റൊരു മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെ ഏകപക്ഷീയമായ ഒരു ഗോളിനു യുക്രെയ്ന്‍ തോല്‍പിച്ചു. 43-ാം മിനിറ്റില്‍ റസ്ലാന്‍ മലിനോവ്‌സ്‌കി നേടിയ ഗോളാണ് മത്സരത്തിന്റെ വിധിയെഴുതിയത്.
മറ്റു മത്സരങ്ങളില്‍ അര്‍മേനിയ മസെഡോണിയയെയും ജോര്‍ജിയ ലാത്വിയയെയും, നോര്‍വെ ബള്‍ഗേറിയയെയും തോല്‍പിച്ചപ്പോള്‍ സ്ലൊവേനിയയെ സൈപ്രസ് 1-1 സമനിലയില്‍ തളച്ചു.