ലാഹോർ : പാകിസ്ഥാനിൽ ഏഴ് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തൂക്കിലേറ്റി. കസൂർ സ്വദേശിയായ ഇമ്രാൻ അലിയെയാണ് ഇന്ന് രാവിലെ ലാഹോർ സെൻട്രൽ ജയിലിൽ തൂക്കിലേറ്റിയത്. മജിസ്ട്രേറ്റ് ആദിൽ സർവാറിന്റെയും ബാലികയുടെ പിതാവിന്റെയും സാന്നിദ്ധ്യത്തിലായിരുന്നു നടപടി. പ്രതിയെ പരസ്യമായി തൂക്കിക്കൊല്ലണമെന്ന പിതാവിന്റെ ഹർജി കോടതി തള്ളിയിരുന്നു.
രാജ്യവ്യാപക പ്രതിഷേധങ്ങൾക്കൊടുവിൽ കഴിഞ്ഞ ജനുവരിയിൽ കസൂറിൽ നിന്നാണ് ഇരുപത്തിമൂന്നുകാരനായ ഇമ്രാൻ അലിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇത് കൂടാതെ ഒൻപത് സമാന കൊലപാതക കേസുകളിൽ അഞ്ചെണ്ണത്തിൽ ഇയാളുടെ പങ്ക് കോടതിയിൽ തെളിഞ്ഞിരുന്നു. മകളുടെ ഘാതകന് അർഹിച്ച ശിക്ഷ ലഭിച്ചതായി പിതാവ് പറഞ്ഞു.