ന്യൂഡൽഹി: മീ ടൂ ക്യാമ്പയിനിൽ വനിതാ മാദ്ധ്യമപ്രവർത്തകർ ലൈംഗിക അതിക്രമം ആരോപിച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബർ രാജിവച്ചു. സ്വന്തം നിലയ്ക്ക് ആരോപണം ഉന്നയിച്ചവർക്കെതിരെ കേസ് നടത്തുമെന്ന് രാജിക്കത്തിൽ എം.ജെ അക്ബർ വിശദമാക്കി. അടിസ്ഥാനരഹിതമായ ആരോപണത്തെ നിയമവഴിയിൽ നേരിടുമെന്ന് മുൻ മാദ്ധ്യമപ്രവർത്തകൻ കൂടിയായ മന്ത്രി വിശദമാക്കി.
തനിക്കെതിരെ ആരോപണം ഉന്നയിച്ചവർക്കെതിരെ അക്ബർ നൽകിയ മാനനഷ്ടക്കേസ് പട്യാല ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് രാജി. പ്രമുഖ ഇംഗ്ലിഷ് പത്രങ്ങളിൽ പ്രവർത്തിച്ചിരുന്ന പ്രിയ രമണി മാത്രമാണ് അക്ബർ നൽകിയ മാനനഷ്ടക്കേസിലെ എതിർകക്ഷി. ആദ്യം അക്ബർക്കെതിരെ ആരോപണമുന്നയിച്ചത് പ്രിയയാണ്.
അക്ബറിനെതിരായ ലൈംഗികാരോപണങ്ങൾ പാർട്ടി പരിശോധിക്കുമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു. ഇതിനിടെയാണ് രാജി. ആരോപണങ്ങളുടെ നിജസ്ഥിതി അറിയേണ്ടതുണ്ട്. ആർക്കെതിരെയും സമൂഹമാദ്ധ്യമങ്ങൾ വഴി ആരോപണം ഉന്നയിക്കാം. പോസ്റ്റുകളുടെ കൃത്യതയും വെളിപ്പെടുത്തിയവരുടെ വിശ്വാസ്യതയും ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ഷാ പറഞ്ഞിരുന്നു.
പ്രിയാരമണിക്ക് പിന്നാലെ മാദ്ധ്യമപ്രവർത്തക ഗസാല വഹാബും മന്ത്രിക്കെതിരെ തുറന്നെഴുതിയിരുന്നു. 'മന്ത്രിയും മുൻ എഡിറ്ററുമായ എം.ജെ അക്ബർ എന്നെ പീഡിപ്പിച്ചുവെന്നും, ലൈംഗിക അതിക്രമം നടത്തി' ഏഷ്യൻ ഏജ് ദിനപത്രത്തിൽ ജോലി ചെയ്തപ്പോഴുള്ള അനുഭവം ഈ തലക്കെട്ടോടെയാണ് ഗസല വഹാബ് എന്ന മാദ്ധ്യമപ്രവർത്തക തുറന്ന് എഴുതിയത്.