ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് 218 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നലെ കണ്ടുകെട്ടി. പി.എൻ.ബി തട്ടിപ്പ് കേസ് പ്രതിയായ നീരവ് മോദിയുടെ അടുത്ത സുഹൃത്തായ മിഹിർ ബൻസാലിയുടെ 51 കോടി രൂപ വിലവരുന്ന വിദേശത്തുള്ള ഫ്ലാറ്റ് ഇതിൽ ഉൾപ്പെടുന്നു. മിഹിർ ബൻസാലിയുടെയും ഭാര്യയുടെയും പേരിൽ രജിസ്റ്രർ ചെയ്ത ഫ്ലാറ്റ്, പി.എൻ.ബി തട്ടിപ്പ് പുറത്തുവന്നതിനു പിന്നാലെ ഫെബ്രുവരി 28ന് ഉടമസ്ഥാവകാശം മറ്റൊരാളുടെ പേരിലേക്ക് മാറ്റിയിരുന്നു. ഇതിൽ ബൻസാലിയുടെ പങ്ക് എൻഫോഴ്സ്മെന്റിന് വ്യക്തമായിട്ടുണ്ടെന്നും പഞ്ചാബ് നാഷണൽ ബാങ്ക് വഴി കള്ളപ്പണ ഇടപാടുകൾ നടത്തിയതിൽ ഇയാൾക്ക് സുപ്രധാന പങ്കുണ്ടെന്നും മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആന്ധ്രാപ്രദേശ് വജ്രാഭരണ പാർക്കിൽ ഉൾപ്പെടുന്ന ഹൈദരാബാദിലെ ഷൈക്പേട്ട് ഗ്രാമത്തിലെ രണ്ടര ഏക്കർ സ്ഥലത്ത് സ്ഥിതിചെയ്യുന്ന 2.10 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലുള്ള കെട്ടിടവും കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു. ഇതിനു മാത്രം 120 കോടി രൂപയാണ് മതിപ്പുവില. ഈ സ്വത്തിന്റെ 89 ശതമാനവും പി.എൻ.ബി തട്ടിപ്പുകേസിലെ പ്രധാനപ്രതി മെഹുൽ ചോക്സിയുടെ ഉടമസ്ഥതയിലുള്ളതാണ്. ചോക്സിയുടെ മകളുടെ പേരിൽ മുംബയിലെ ട്രംപ് ടവറിൽ സ്ഥിതിചെയ്യുന്ന 1.70 കോടി രൂപയുടെ ഫ്ലാറ്റും ചോക്സിയുടെ പേരിൽ വിദേശത്തുള്ള 18.76കോടി രൂപയുടെ വില്ലയും ഇ.ഡി. ഇന്നലെ കണ്ടുകട്ടി. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം നീരവ് മോദിയുടെ 637 കോടി രൂപയുടെ സ്വത്തുക്കളും എൻഫോഴ്സ്‌മെന്റ് കമണ്ടുകെട്ടിയിരുന്നു. പി.എൻ.ബി ബാങ്കിന്റെ വ്യാജ ജാമ്യം ഉപയോഗിച്ച് വിദേശത്തെ ബാങ്കുകളിൽ നിന്ന് 12,000 കോടിയോളം രൂപ തട്ടിയെടുത്തുവെന്നാണ് നീരവ് മോദിക്കും അമ്മാവൻ മെഹുൽ ചോക്സിക്കുമെതിരെയുള്ള കേസ്.