oil
OIL

കൊച്ചി: ഓഹരി ഉടമകളിൽ നിന്ന് നിശ്‌ചിത ഓഹരികൾ തിരികെ വാങ്ങാൻ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം. നടപ്പു സാമ്പത്തിക വർഷത്തെ ബഡ്‌ജറ്രിൽ ലക്ഷ്യമിട്ട നിരക്കിൽ തന്നെ ധനക്കമ്മി നിയന്ത്രിക്കുകയാണ് ഇതിലൂടെ കേന്ദ്രം ഉദ്ദേശിക്കുന്നത്. നടപ്പു സാമ്പത്തിക വർഷം ജി.ഡി.പിയുടെ 3.3 ശതമാനമാനമായി ധനക്കമ്മി നിയന്ത്രിക്കുകയാണ് ലക്ഷ്യം. എന്നാൽ ക്രൂഡോയിൽ വില വർദ്ധന, രൂപയുടെ മൂല്യത്തകർച്ച, വിദേശ നിക്ഷേപത്തിലെ കൊഴിഞ്ഞുപോക്ക് എന്നിവ ഇതിന് തിരിച്ചടിയാകുന്നുണ്ട്.

ഈ പശ്‌ചാത്തലത്തിലാണ് നിശ്‌ചിത ഓഹരികൾ തിരികെവാങ്ങി (ബൈബാക്ക്), പിന്നീട് 20,000 കോടി രൂപ സമാഹരിക്കാൻ എണ്ണക്കമ്പനികളോട് കേന്ദ്ര സർക്കാർ നിർദേശിച്ചത്. ഒ.എൻ.ജി.സി., ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി), ഓയിൽ ഇന്ത്യ, എൻ.എം.ഡി.സി എന്നിവയും നാഷണൽ അലുമിനിയം കമ്പനി, എൻ.എൽ.സി ഇന്ത്യ ലിമിറ്റഡ്, കെ.ഐ.ഒ.സി.എൽ ലിമിറ്റഡ് എന്നീ കമ്പനികളുമാണ് നിശ്‌ചിത ഓഹരികൾ തിരികെ വാങ്ങേണ്ടത്.

ലക്ഷ്യം ₹20,000 കോടി

നടപ്പു സാമ്പത്തിക വർഷം പൊതുമേഖലാ ഓഹരി വില്‌പനയിലൂടെ 80,000 കോടി രൂപ സമാഹരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനകം സമാഹരിച്ചത് 9,700 കോടി രൂപയാണ്. നിശ്‌ചിത ഓഹരി തിരികെ വാങ്ങുന്നതിലൂടെ 20,000 കോടി രൂപ സമാഹരിക്കാനാണ് എണ്ണക്കമ്പനികൾക്കുള്ള നിർദേശം. ഇതിൽ, ഒ.എൻ.ജി.സി 4,800 കോടി രൂപയും ഐ.ഒ.സി 4,000 കോടി രൂപയും ഓയിൽ ഇന്ത്യ 1,100 കോടി രൂപയും സമാഹരിക്കുമെന്നാണ് പ്രതീക്ഷ.