തിരുവനന്തപുരം: പ്രളയത്തിൽ മുങ്ങിയ കേരളത്തെ പുനർനിർമ്മിക്കാനായി വായ്പയും ധനസമാഹരണത്തിനുമായി അധികൃതരെല്ലാം നെട്ടോട്ടമോടുമ്പോൾ അവസാനിപ്പിച്ച പദ്ധതിയിൽ അനധികൃത നിയമനം നടത്തി അധികച്ചെലവുണ്ടാക്കുന്നുവെന്ന് ആക്ഷേപം. ലോകബാങ്ക് സഹായത്തോടെയുള്ള കേരള ലോക്കൽ ഗവൺമെന്റ് സർവീസ് ഡെലിവറി പ്രോജക്ടിലാണ് (തദ്ദേശ മിത്രം) പദ്ധതി പൂർത്തിയാക്കിയ ശേഷം മുൻ തീയതി വച്ച് അനധികൃത നിയമനം നടത്തിയത്. 2018 ഏപ്രിൽ ഒന്നുമുതൽ സെപ്തംബർ 30വരെ മൂന്നുപേരെ മുൻകാല പ്രാബല്യത്തോടെ നിയമിച്ചത് ഈ മാസം 12നാണ്. സാധാരണ ഗതിയിൽ കരാർ നിയമനത്തിന് മുൻകാല പ്രാബല്യം നൽകാറില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആസ്തികളുടെ വികസനത്തിനായി ലോകബാങ്ക് സഹായത്തോടെയുള്ള പദ്ധതി 2011ലാണ് ആരംഭിച്ചത്. 2016ലാണ് പദ്ധതി അവസാനിപ്പിക്കേണ്ടിയിരുന്നത്. എന്നാൽ പല കാരണങ്ങളാലും അത് നീട്ടി. ഈ വർഷം മാർച്ച് 31ന് പദ്ധതി പൂർണമായും അവസാനിപ്പിച്ചു. 1093 കോടിയായിരുന്നു ലോകബാങ്ക് സഹായം. 471 കോടി രൂപ സംസ്ഥാന സർക്കാർ വിഹിതമായി നൽകി.
പഞ്ചായത്ത് മുനിസിപ്പൽ ഓഫിസുകളിലെ കെട്ടിട നിർമ്മാണം, നവീകരണം, കിണർ നിർമ്മാണം, അംഗൻവാടി കെട്ടിട നിർമ്മാണം തുടങ്ങി വൈവിദ്ധ്യമാർന്ന ആസ്തി നിർമ്മാണ പ്രവർത്തനങ്ങളാണ് തദ്ദേശ മിത്രം വഴി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിലെ കണക്കുകൾ പൂർത്തിയാക്കാനും രണ്ടാം ഘട്ടത്തിന്റെ തയ്യാറെടുപ്പുകൾക്കുമെന്ന പേരിൽ പ്രോജക്ട് ഡയറക്ടർ, ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ തുടങ്ങി എട്ടുപേർക്ക് സെപ്തംബർ 30 വരെ വീണ്ടും നിയമനം നൽകി. എല്ലാ ജില്ലകളിലും രണ്ട് വീതം എന്ന നിലയിൽ 28 കോ- ഓർഡിനേറ്രർമാരാണ് പദ്ധതിയിൽ കരാറടിസ്ഥാനത്തിൽ പ്രവർത്തിച്ചത്. ഇവരുടെയെല്ലാം സേവനം മാർച്ച് 31ന് അവസാനിപ്പിച്ചതും പുനർ നിയമനം നൽകിയ എട്ടുപേരൊഴികെ എല്ലാവരും പദ്ധതിയുമായുള്ള ബന്ധം അവസാനിപ്പിച്ചതുമാണ്.
എന്നാൽ മാർച്ചിൽ പ്രവർത്തനം അവസാനിപ്പിച്ച മലപ്പുറം, കാസർകോട് എന്നിവിടങ്ങളിലെ രണ്ട് കോ-ഓർഡിനേറ്രർമാർക്കും ഡാറ്രാ എൻട്രിയിൽ ഒരാൾക്കുമാണ് മുൻകാല പ്രാബല്യത്തോടെ കരാർ നിയമനം നൽകിയത്. പദ്ധതി പൂർണമായും അവസാനിച്ചിരിക്കേ മൂന്നുപേർക്ക് മാത്രം നിയമനം നൽകിയത് വിവാദമായിട്ടുണ്ട്. പെർഫോമൻസ് ഇവാല്വേഷനോ മത്സരപരീക്ഷയോ നടത്താതെ മൂന്നുപേർക്ക് മാത്രം നിയമനം നൽകിയത് ചട്ടവിരുദ്ധമായാണെന്നാണ് ആരോപണം. പദ്ധതിയുമായി കഴിഞ്ഞ ആറുമാസമായി ബന്ധമില്ലാത്ത ഇവർക്ക് ഇനി ശമ്പള കുടശിക നൽകണമെങ്കിൽ ഹാജർരേഖകളിൽ തിരുത്ത് വരുത്തേണ്ടി വരുമെന്നും ആക്ഷേപമുണ്ട്.