kadakampalli

പമ്പ: സ്ത്രീ പ്രവേശനത്തിന്റെ പേരിൽ ശബരിമലയിൽ ആർ.എസ്.എസ് നടത്തുന്ന ആക്രമണത്തിൽ നിന്നും അവരെ പിന്തിരിപ്പിക്കാൻ ദേശീയ നേതൃത്വം ഇടപെടണമെന്ന് ദേവസ്വം ബോർഡ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പമ്പയിലും നിലയ്ക്കലും അയ്യപ്പവേഷത്തിൽ എത്തി ആക്രമണം ആർ.എസ്.എസ് ക്രിമിനലുകളാണെന്നും ഇവരിൽ അന്യസംസ്ഥാനത്ത് നിന്നുള്ള പ്രവർത്തകരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പമ്പയിൽ ചേർന്ന യോഗത്തിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകൾ, മാദ്ധ്യമപ്രവർത്തകർ, കുടംബങ്ങൾ, കെ.എസ്.ആർ.ടി.സി ജീവനക്കാർ എന്നിവർക്ക് നേരെ നടക്കുന്ന ആക്രമങ്ങൾ അനുവദിക്കാനാവില്ല. സ്ത്രീ പ്രവേശനത്തിന്റെ പേരിൽ ശബരിമലയിൽ അക്രമം അഴിച്ചുവിടാൻ ആരാണ് ആർ.എസ്.എസിനെ അനുവാദം നൽകിയത്. അവർ ഇവിടെ നടത്തുന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം അയ്യപ്പ ഭക്തരുടെ മേൽ കെട്ടിവയ്ക്കാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നത്- കടകംപള്ളി പറഞ്ഞു.ശബരിമലയിൽ നടത്തുന്ന പ്രതിഷേധത്തിൽ നിന്ന് എല്ലാവരും പിന്മാറണം. ശാന്തമായ അന്തരീക്ഷത്തിലേക്ക് സന്നിധാനത്തെ മാറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.