sabarimala-women-entry

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്ക് നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ശബരിമല കർമ്മ സമിതി നടത്തുന്ന ഹർത്താലിന് ബി.ജെ.പി പിന്തുണ പ്രഖ്യാപിച്ചു. പത്തനംതിട്ടയിൽ ബുധനാഴ്ച വൈകിട്ട് എൻ.ഡി.എ ചെയർമാൻ അഡ്വ.പി.എസ്.ശ്രീധരൻപിള്ള നടത്തിയ വാർത്താ സമ്മേളത്തിലാണ് ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചത്. ഹർത്താൽ തികച്ചും സമാധാനപരമായിരിക്കണം എന്ന് എൻ.ഡി.എ ആഹ്വാനം ചെയ്തു. വ്യാഴാഴ്ച രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണിവരെ ആയിരിക്കും ഹർത്താൽ. പാൽ, പത്രം തുടങ്ങിയ അവശ്യ സർവീസുകളെയും ശബരിമല തീർത്ഥാടകരെയും ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം,​ ശബരിമലയിൽ അടക്കം സംസ്ഥാനത്തിന്റെ നാല് സ്ഥലങ്ങളിൽ വ്യാഴാഴ്‌ച നിരോധനാ‌ജ്ഞ പ്രഖ്യാപിച്ചു. പമ്പ, നിലയ്ക്കൽ, സന്നിധാനം, ഇലവുങ്കൽ എന്നിവിടങ്ങളിലാണ് പത്തനംതിട്ട ജില്ലാ കളക്‌ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ശബരിമലയുടെ 30 കിലോമീറ്റർ പരിധിയിൽ പ്രതിഷേധം അനുവദിക്കില്ലെന്നും കളക്‌ടർ അറിയിച്ചു.

അക്രമികൾക്കെതിരെ ശക്തമായ നടപടിയെന്ന് ഇ.പി.ജയരാജൻ

ശബരിമലയിലെ സ്ത്രീപ്രവേശനത്തിന്റെ മറവിൽ വിശ്വാസികൾക്കും മാദ്ധ്യമപ്രവർത്തകർക്കും നേരെയുള്ള ആക്രമണം അത്യന്തം അപലപനീയമാണെന്ന് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. ഭക്തജനങ്ങളുടെ സമാധാനപരമായ ഗതാഗതത്തെയും ശാന്തമായ ദർശനത്തെയും തടസ്സപ്പെടുത്തുന്നത് നോക്കിനിൽക്കാൻ കഴിയുന്നതല്ല. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിയെ തുടർന്നാണ് ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിക്കപ്പെട്ടത്. ഭരണഘടനാ ബാധ്യത നിറവേറ്റുന്ന സംസ്ഥാനസർക്കാറിന്റെ നിലപാടിനെതിരെയാണ് സംഘപരിവാറിന്റെ പിന്തുണയോടെ അക്രമം അഴിച്ചുവിട്ടിട്ടുള്ളത്.

തുലാമാസപൂജയ്ക്ക് നടതുറക്കുമ്പോൾ ദർശത്തിനെത്തുന്ന സ്ത്രീകളെയും, റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകരെയും ക്രൂരമായി മർദിക്കുകയും വാഹനങ്ങളും ക്യാമറകളും തല്ലിതകർക്കുകയും ചെയ്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. പ്രത്യേക രാഷ്ട്രീയ അജണ്ടയോടെയാണ് സംഘപവാറിന്റെ പിന്തുണയിൽ ഒരുകൂട്ടം ആളുകൾ നിലയ്ക്കലിലും പമ്പയിലും വ്യാപക അക്രമം നടത്തുന്നത്. പൊലീസിനെ ആക്രമിച്ചും പൊലീസ് വാഹനങ്ങൾ തകർത്തും അരാജകത്വവും കൊള്ളയും കൊള്ളിവെപ്പും നടത്തി കലാപമുണ്ടാക്കാനുള്ള ബോധപൂർവ ശ്രമമാണ് ഇത്തരം അരാജകത്വവാദികളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. ശബരിമലയിലെ സമാധാനാന്തരീക്ഷം തകർത്ത് കലാപം സൃഷ്ടിക്കാനുള്ള നീക്കം രാജ്യത്തെ പരമോന്നത നീതിപീഠത്തോടുള്ള വെല്ലുവിളികൂടിയാണ്.

ശബരിമലയിൽ കോടതി വിധി നടപ്പാക്കേണ്ടത് ഒരു ജനാധിപത്യ സർക്കാറിന്റെ ബാധ്യതയാണ്. സുപ്രീംകോടതി വിധി ലംഘിച്ചുള്ള ഇത്തരം ക്രിമിനൽ വാഴ്ചയുമായി മുന്നോട്ടു പോകുന്നവർക്കെതിരെ സർക്കാർ കർശനനടപടി സ്വീകരിക്കും. സുപ്രീംകോടതിവിധിയെ ആർ.എസ്.എസിന്റെയും കോൺഗ്രസിന്റെയും ദേശീയനേതൃത്വം സ്വാഗതം ചെയ്യുമ്പോഴാണ് അവരുടെ സംസ്ഥാന നേതൃത്വം രാഷ്ട്രീയലക്ഷ്യം വച്ച് തെരുവിലിറങ്ങി കലാപത്തിന് ശ്രമിക്കുന്നത്. ഇവർ നടത്തുന്ന സമരാഭാസം ജനവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്. കോടതിവിധിക്കെതിരെ ഒരുകൂട്ടമാളുകൾ നടത്തുന്ന അക്രമത്തെ കൈയ്യുംകെട്ടി നോക്കി നിൽക്കാൻ സർക്കാറിനാവില്ല. വനിതകളുൾപ്പെടെ എട്ടോളം മാദ്ധ്യമപ്രവർത്തകരെ ആക്രമിച്ചവർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കും. ശബരിമല ദർശനത്തിനെത്തുന്ന മുഴുവൻ ഭക്തരുടെയും വിശ്വാസം സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കേരളത്തിൽ നിലനിൽക്കുന്ന മത നിരപേക്ഷതയെ തകർക്കാൻ ഗുജറാത്തിലും, യു.പി. യിലും, ഗോധ്രയിലും മറ്റും നടത്തിയ ആസൂത്രിതമായ കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിതമായ നീക്കമാണ് ശബരിമലയിൽ ആർ.എസ്.എസ് - ബി.ജെ.പി - കോൺഗ്രസ്സ് സഖ്യം ചെയ്തുകൊണ്ടിരിക്കുന്നത്.