ന്യൂഡൽഹി: മീ ടൂ കാമ്പെയിനിന്റെ ഭാഗമായി വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബറിനെ രാജിയിലെത്തിച്ച വനിതകൾ ഇവർ.
പ്രിയാരമണി: ആദ്യമായി എം.ജെ അക്ബറിനെതിരെ ആരോപണമുന്നയിച്ച മാദ്ധ്യമപ്രവർത്തക. എഡിറ്ററിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്ന് വോഗ് മാഗസിനിൽ ഒരു വർഷം മുമ്പെഴുതിയ ലേഖനത്തിൽ പ്രിയാരമണി പറഞ്ഞിരുന്നു. മീ ടു കാമ്പെയ്‌നിന്റെ പശ്ചാത്തലത്തിൽ ആ എഡിറ്റർ അക്ബറാണെന്ന് ട്വിറ്ററിലൂടെ വെളിപ്പെടുത്തുകയായിരുന്നു. 1994ൽ തന്റെ 23ാംവയസിൽ ഏഷ്യൻ ഏജ് പത്രത്തിൽ ഇന്റർവ്യൂവിന് ചെന്നപ്പോൾ മുംബയിലെ ഹോട്ടൽ മുറിയിൽ അക്ബർ മോശമായി പെരുമാറിയെന്നും മദ്യപിക്കാൻ ക്ഷണിച്ചെന്നുമാണ് ആരോപണം.
ഗസാല വഹാബ്: ഫോഴ്സ് മാഗസിൻ എക്സിക്യുട്ടീവ് എഡിറ്റർ. 1994-97 ഏഷ്യൻ ഏജിൽ അക്ബർ എഡിറ്ററായിരിക്കെ പ്രവർത്തിച്ചു. പലതവണ അക്ബർ ഓഫീസ് മുറിയിൽ വച്ച് ലൈംഗികാതിക്രമം കാട്ടി. മാറിടത്തിൽ കടന്നുപിടിച്ചു. ബലമായി ചുംബിച്ചു.
റൂത്ത് ഡേവിഡ്: ബ്രിട്ടീഷ് മാദ്ധ്യമപ്രവർത്തക. എഡിറ്ററായിരിക്കെ എം.ജെ അക്ബർ ന്യൂസ് റൂമിൽ വച്ച് ചുംബിക്കാൻ ശ്രമിച്ചു.
മജിലെ കാംപെ : സി.എൻ.എന്നിലെ വിദേശ മാദ്ധ്യമപ്രവർത്തക. 2007ൽ പതിനെട്ടാം വയസിൽ ഏഷ്യൻ ഏജിൽ ഇന്റൻഷിപ്പ് ചെയ്യുമ്പോൾ എഡിറ്ററായിരുന്ന അക്ബർ കടന്നുപിടിച്ച് ചുംബിച്ചു.
സബാ നഖ്‌വി: ടെലഗ്രാഫിൽ ജേർണലിസ്റ്റ് ട്രെയ്‌നിയായിരിക്കെ ഓഫീസിലും അപ്പാർട്ട്മെന്റിലും വച്ച് മോശമായി പെരുമാറി
ശുത്പ പോൾ: കൊൽക്കത്തയിൽ ഇന്ത്യ ടുഡേ ബ്യൂറോയിൽ ജോലി ചെയ്യുമ്പോൾ അക്ബർ മോശമായി പെരുമാറി. മദ്യപിക്കാൻ നിർബന്ധിച്ചു. ബലമായി ആലിംഗനം ചെയ്തു.
കനിക ഗെഹ്‌ലോട്ട്: അക്ബറിനൊപ്പം 1995 -97ൽ ജോലി ചെയ്തു. മോശമായി പെരുമാറി.
സുപർണ ശർമ്മ: ഏഷ്യൻ ഏജിന്റെ ഡൽഹി റസിഡന്റ് എഡിറ്റർ. അക്ബറുമായി ജോലി ചെയ്തിരുന്ന കാലത്ത് മോശമായി പെരുമാറി. ബ്രാ സ്ട്രിപ്പ് പിടിച്ചുവലിച്ചു. മോശമായി മാറിടത്തിലേക്ക് നോക്കി.
ഷുമ റാഹ: ഇന്ത്യൻ എക്സ്‌പ്രസിലെ മാദ്ധ്യമപ്രവർത്തക.1995ൽ ഏഷ്യൻ ഏജിൽ ഇന്റർവ്യൂവിനായി കൊൽക്കത്ത ഹോട്ടലിൽ ചെന്നപ്പോൾ കിടക്കയിൽ ഇരിക്കാൻ പറഞ്ഞു. മദ്യപിക്കാൻ ക്ഷണിച്ചു.
പ്രേമ സിംഗ് ബിന്ദ്ര: ഹോട്ടലിലേക്ക് ക്ഷണിച്ച് മോശമായി പെരുമാറി
കാദംബരി വേദ: 22ാം വയസിൽ ഏഷ്യൻ ഏജിലെ സ്പോർട്സ് ഡെസ്കിൽ ജോലിക്കിടെ അക്ബർ മോശമായി പെരുമാറി.
അഞ്ജുഭാരതി: സ്വിമ്മിംഗ് പൂളിൽ വച്ച് മോശമായി പെരുമാറി.
മാലിനി ഭുപ്ത: ഇന്ത്യ ടുഡേ മുൻ ഡെപ്യൂട്ടി എഡിറ്റർ. കരിയർ നശിപ്പിക്കാൻ എം.ജെ അക്ബർ ശ്രമിച്ചു.
സ്വാതി ഗൗതം: ഒരു കോളേജ് പരിപാടിക്കായി ക്ഷണിച്ചു. അതേക്കുറിച്ച് ചർച്ച ചെയ്യാൻ ഹോട്ടൽ മുറിയിലേക്ക് വിളിപ്പിച്ചു. മോശമായി പെരുമാറി.
തുഷിത പട്ടേൽ: മറ്റാരിൽ നിന്നോ ഫോൺ നമ്പർ വാങ്ങി നിരന്തരം ശല്യപ്പെടുത്തി. കൊൽക്കത്തയിൽ വച്ച് ഹോട്ടലിലേക്ക് വിളിപ്പിച്ചു. അടിവസ്ത്രമിട്ട് അക്ബർ വാതിൽ തുറന്നു. ഡെക്കാൻ ക്രോണിക്കിളിൽ സബ്എഡിറ്ററായിരിക്കെ അക്ബർ പിന്നിലൂടെ വന്ന് കടന്നുപിടിച്ച് ചുംബിച്ചു